തിരുവനന്തപുരം:
രാഹുല്‍ ഗാന്ധി ഇപ്പോഴും “അമുല്‍ ബേബി” തന്നെയാണെന്ന് സി.പി.എം. നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. മുമ്പൊരിക്കല്‍ താന്‍ രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചത് ഇപ്പോഴും പ്രസക്തമാണെന്നും വി.എസ്. പറഞ്ഞു. മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധി ഇപ്പോഴും മാറ്റമൊന്നും വരാതെ, ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി ശിശുസഹജമായ അതിവൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണെന്ന് വി. എസ്. വിമർശിച്ചു.
“രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണ്.”എന്നായിരുന്നു വി.എസ്. ഫേസ്‌ബുക്കിൽ കുറിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി.പി.എമ്മില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ വൈരുദ്ധ്യമാണ് സി.പി.എം. നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
അതിനിടെ സി.പി.എം. മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ “പപ്പു” എന്ന് വിശേഷിപ്പിച്ചത് വിവാദമാകുകയും സി.പി.എം. പ്രതിരോധത്തിലാകുകയും ചെയ്തു. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്’ എന്നായിരുന്നു ദേശാഭിമാനിയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്. സാധാരണ ഗതിയിൽ സംഘപരിവാറുകാർ ആയിരുന്നു രാഹുലിനെ പരിഹസിക്കാൻ “പപ്പു” എന്ന പ്രയോഗം നടത്താറ്. ദേശാഭിമാനിയിലെ ഈ വിശേഷണത്തെ രൂക്ഷമായി വിമർശിച്ചു മാർക്സിസ്റ്റുകാർ ഉൾപ്പടെ പലരും രംഗത്തെത്തി.
പപ്പുവെന്നു വിളിക്കുന്നതു സി.പി.എം. നിലപാടല്ലെന്നും, കൈപ്പിഴയാണെന്നും രാഹുൽ വയനാട്ടിൽ മൽസരിക്കുന്നത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തുടർന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി. എം. മനോജ് ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് തലക്കെട്ടിന് പിന്നിലെന്ന് പറഞ്ഞു ഫേസ്‌ബുക്ക് പോസ്റ്റിട്ടു കൂടുതൽ വിവാദങ്ങളിൽ നിന്നും തലയൂരുകയായിരുന്നു.