തിരുവനന്തപുരം:
ഇനി മുതൽ ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകൾ ഉണ്ടായിരിക്കുന്നതല്ല, ഇരു ബാങ്കുകളുടെയും, ബാങ്ക് ഓഫ് ബറോഡയുമായുള്ള ലയനം ഇന്നു മുതല്‍ പ്രാബല്യത്തിൽ വന്നു. മൂന്നു ബാങ്കുകളും ചേർന്നു രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്നു മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനം. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും ലയിച്ചിരിക്കുന്നത് വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി.
ലയനം ഇന്നത്തോടെ പ്രാബല്യത്തിലാകുമെങ്കിലും, മൂന്നു ബാങ്കുകളും പൂർണ്ണമായും സമന്വയിക്കാൻ ആറു മാസമെങ്കിലും സമയമെടുത്തേക്കും. സാങ്കേതികമായ ഏകീകരണത്തിനാണ് ഈ സമയം എടുക്കുന്നത്. പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ സേവനങ്ങളിൽ ഏകീകരണം ഉടനെ ഉണ്ടാകില്ല.