മറ്റു മാംസാഹാരം കഴിക്കുമെങ്കിലും മത്സ്യം കഴിക്കാത്ത നിരവധി ആളുകൾ ഈ നാട്ടിലുണ്ട്. എന്നാൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും അടങ്ങിയ ആരോഗ്യദായകമായ ഭക്ഷ്യവസ്തുവാണ് മീൻ. ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ മീൻ കഴിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത കുറയുന്നു. ഓർമ്മശക്തി മെച്ചപ്പെടുത്തുവാനും രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കാനും ഏറെ സഹായകമാണ് ഒമേഗ ഫാറ്റി ആസിഡ്. ഇതിന്റെ അഭാവം മൂലം ചർമം വരളാനും, ഓർമ്മക്കുറവിനും, വിഷാദത്തിനും വരെ സാധ്യതയുണ്ട്.
ഇത്തരക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മീൻ കഴിക്കാത്തവർക്ക് എങ്ങനെ ഈ പോഷകങ്ങൾ ലഭിക്കും? ഇതാ ഉത്തരം ഇവിടെയുണ്ട്.
1. വാൾ നട്ട്- ആന്റി ഓക്സിസിഡേറ്റുകളും, പ്രോട്ടീനും, നാരുകളും, വിറ്റാമിനും അടങ്ങിയ ഇതിൽ നല്ലൊരു ശതമാനത്തോളം ഒമേഗ ഫാറ്റി ആസിഡുണ്ട്. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
2. സോയാബീൻ- ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനുള്ള മറ്റൊരു മാർഗം സോയാബീനാണ്. പ്രോട്ടീൻ, നാരുകൾ, ഫോളേറ്റ് പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും സോയാബീനിൽ ഉണ്ട്.
3. മുട്ട- മീൻ കഴിക്കാത്തവർക്ക് മുട്ട കഴിക്കാം, പ്രോട്ടീനുകളും, കാത്സ്യവുമടങ്ങിയ മുട്ടയിൽ ഒമേഗ ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
4. കോളിഫ്ലവർ- കറിവെച്ചും വറുത്തും കഴിക്കാവുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. ഇതും ഒമേഗ ഫാറ്റി ആസിഡിന്റെയും മറ്റു ധാതുക്കളുടെയും കലവറയാണ്.
ഇവ കൂടാതെ ചണവിത്ത്, ബ്രെസ്സൽ സ്പ്രൗട്സ്, ചിയാസീഡ്‌സ് എന്നിവയിലും ഒമേഗ ഫാറ്റി ആസിഡ് നല്ല രീതിയിൽ അടങ്ങിയിരിക്കുന്നുണ്ട്.