ന്യൂഡൽഹി:
ഫേസ്ബുക്ക് നയങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചു കോൺഗ്രസ്സ് അനുകൂല പേജുകളും പ്രൊഫൈലുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐ.എൻ.സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രമിലെയും അക്കൗണ്ടുകളാണ് ഇത്തരത്തിൽ മാറ്റിയത്.ഫേസ്ബുക്ക് നയങ്ങൾ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തിൽ ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യുന്നതെന്ന് ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി പോളിസി തലവൻ നഥാനിയേൽ ഗ്ലെയ്ച്ചർ പറഞ്ഞു.
കോൺഗ്രസ്സിന്റെ ഇത്തരം പേജുകളിൽ വരുന്ന ഉള്ളടക്കങ്ങൾ “ആധികാരികം അല്ലെന്നാണ്” ഫേസ്‌ബുക്ക് നൽകുന്ന വിശദീകരണം. അതേസമയം മറ്റു പാർട്ടികളുടെ പേജുകൾ ഇത്തരത്തിൽ നീക്കം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ ഇടപെടലുകൾ ഉണ്ടായാൽ കർശന നടപടികൾ ഉണ്ടാകുമെന്നു കേന്ദ്രസർക്കാർ സാമൂഹ്യമാധ്യമങ്ങൾക്കു താക്കീതു നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചു ഫേസ്‌ബുക്ക് നടത്തിയെന്ന് പറയുന്ന അന്വേഷണങ്ങൾക്കൊടുവിലാണ് കോൺഗ്രസ്സ് അനുകൂല അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടത്.
ഫേസ്‌ബുക്കിന്റെ അന്വേഷണത്തിൽ ചിലർ വ്യാജപേരിൽ വിവിധ ഗ്രൂപ്പുകളിൽ അംഗമായി പ്രാദേശിക വാർത്തകളായും, രാഷ്ട്രീയ എതിരാളികൾക്കെതിരായ വിമർശനങ്ങളായും പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യൻ ഐ.ടി. സ്ഥാപനമായ “സിൽവർ ടച്ചിനെയാണ്’ ഫേസ്‌ബുക്ക് ഇത്തരത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇതെല്ലാം പ്രധാനമന്ത്രി മോദിയെയും, ബി.ജെ.പിയെയും ഉന്നം വെക്കുന്നതാണെന്നു ഫേസ്‌ബുക്ക് പറയുന്നു. ഏതെങ്കിലും പോസ്റ്റുകളിലെ ഉള്ളടക്കത്തിന്റെ പ്രശ്നമല്ല പോസ്റ്റുകളുടെ പൊതുസ്വഭാവം വിലയിരുത്തിയാണ് പേജുകൾ നീക്കം ചെയ്തതെന്നും നഥാനിയേൽ ഗ്ലെയ്ച്ചർ പറഞ്ഞു.
എന്നാൽ കോൺഗ്രസ്സിന്റെ ഔദ്യോധിക പേജുകളോ, അംഗീകൃത ഐ.ടി സെൽ പ്രവർത്തകരുടെ പേജുകളോ ഇതുവരെ നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്നു കോൺഗ്രസ്സ് പ്രതികരിച്ചു. എന്നാൽ ഏതൊക്കെ പേജുകളാണ് നീക്കം ചെയ്തതെന്ന് അറിയാൻ ഫേസ്‌ബുക്കുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു കോൺഗ്രസ്സ് വൃത്തങ്ങൾ വ്യക്തമാക്കി.
നരേന്ദ്ര മോഡി സർക്കാരിനെ താറടിച്ചു കാണിക്കാൻ തുടങ്ങിയ ചില വ്യാജ അക്കൗണ്ടുകൾ മാത്രമാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പ്രതികരിച്ചു. ഇവയെല്ലാം കോൺഗ്രസ്സ് പാർട്ടിയുമായി ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു.