കാണ്‍പൂര്‍:
തനിക്കെതിരെ നാലു സഹപ്രവര്‍ത്തകര്‍ ജാതീയ അധിക്ഷേപം നടത്തി എന്ന് പൊലീസില്‍ പരാതി നല്‍കിയ ദലിത് അധ്യാപകന്‍ സുബ്രഹ്മണ്യം സദേര്‍ലയുടെ പി.എച്ച്.ഡി റദ്ദു ചെയ്യാന്‍ ഐ.ഐ.ടി കാണ്‍പൂര്‍ സെനറ്റിന്‍റെ നിര്‍ദേശം. സദേര്‍ലയുടെ പി.എച്ച്.ഡിയില്‍ സാഹിത്യചോരണം ഉണ്ടെന്ന് അവകാശപ്പെട്ട് സെനറ്റിന് ലഭിച്ച അജ്ഞാത ഇ മെയില്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സെനറ്റിന്റെ തീരുമാനം ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ബോര്‍ഡ് ഓഫ് ഗവര്‍ണറേഴ്‌സ് അംഗീകരിച്ചാല്‍ സദേര്‍ലയുടെ പി.എച്ച്.ഡി റദ്ദ് ചെയ്യപ്പെടും. ഐ.ഐ.ടി കാണ്‍പൂരില്‍ വെച്ചായിരുന്നു സര്‍ദേല തന്‍റെ എം.ടെക്കും, പി.എച്ച്.ഡിയും സ്വന്തമാക്കിയത്.
അതേസമയം സദേര്‍ലയ്‌ക്കെതിരെ സാഹിത്യചോരണം നേരത്തെ ആരോപിക്കപ്പെട്ടിരുന്നെങ്കിലും, ഒമ്പതംഗ എത്തിക്‌സ് സെല്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ അത്തരം ഒരു ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സെനറ്റ് സമ്മേളനത്തില്‍ പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിക്കാതെ സദേര്‍ലയുടെ പി.എച്ച്.ഡി റദ്ദു ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. സദേര്‍ലയുടെ പരാതി പ്രകാരം അദ്ദേഹത്തിന്റെ നാലു സഹപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിലും പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരുന്നു. ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിനു കീഴില്‍ അപകീര്‍ത്തിക്കേസ് ചുമത്തിയായിരുന്നു പൊലീസ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തത്.
ജനുവരിയില്‍ എയറോ സ്പേസ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുബ്രഹ്മണ്യം സദേര്‍ല സ്ഥാപനത്തിനും പട്ടികജാതി കമ്മീഷനും നല്‍കിയ പരാതിയിന്മേലായിരുന്നു നടപടി. അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ് നല്‍കണമെന്ന് കമ്മീഷന്‍ സ്ഥാപനത്തോടാവശ്യപ്പെട്ടെങ്കിലും കുറ്റാരോപിതര്‍ അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന പ്രൊഫസര്‍മാരായ ഇഷാന്‍ ശര്‍മ്മ, സഞ്ജയ് മിത്താല്‍, രാജീവ് ശേഖര്‍, ചന്ദ്രശേഖര്‍ ഉപാധ്യായ് എന്നിവര്‍ക്കെതിരെയാണ് സര്‍ദേലയുടെ പരാതി.