Wed. May 1st, 2024
ബത്തേരി:

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഇങ്ങ് വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലും കൈവച്ചു. എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്നു പറഞ്ഞു പത്തനംതിട്ട സ്വദേശിയിൽ നിന്ന് 1.62 കോടി തട്ടിയെടുത്തെന്നാണ് പൊലീസിന് ‍ലഭിച്ച പരാതി. അതും കേരള- മധ്യപ്രദേശ് ചീഫ് സെക്രട്ടറിമാർ തമ്മിൽ എസ്റ്റേറ്റ് കൈമാറ്റം സംബന്ധിച്ച് എഴുത്തുകുത്തുകൾ നടത്തുന്നതിനിടെയാണ് തട്ടിപ്പെന്നതാണു രസകരം.

എസ്റ്റേറ്റ് പാട്ടത്തിന് ലഭിക്കുമെന്നു പത്തനംതിട്ട സ്വദേശിയെ എങ്ങനെ ബോധ്യപ്പെടുത്തിയെന്നോ കൃത്രിമ രേഖകൾ കാണിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളു.ബത്തേരി നഗരത്തിനടുത്ത് ദേശീയപാത 766നും മാനന്തവാടി റോഡിനും അഭിമുഖമായാണ് ബീനാച്ചി എസ്റ്റേറ്റ്. 554.28 ഏക്കറാണ് വിസ്തൃതി.

മധ്യപ്രദേശ് സർക്കാർ നേരിട്ടു നോക്കി നടത്തുന്ന ഈ എസ്റ്റേറ്റ് കേരളത്തിന് വിട്ടുകിട്ടണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, എസ്റ്റേറ്റ് വിട്ടുകിട്ടിയേക്കുമെന്നും അതിനായുളള ചർച്ചകൾ നടക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു.ബീനാച്ചി എസ്റ്റേറ്റ് സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള ഒരു തീരുമാനവും മധ്യപ്രദേശ് സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള അറിവ്.

ആറേഴു വർഷം മുൻപ് എസ്റ്റേറ്റ് വിൽക്കാനുണ്ടെന്നു കാണിച്ച് ഓൺലൈനിൽ വിദേശത്ത് വ്യാജ പരസ്യം വന്നത് ചർച്ചയായിരുന്നു. അതിനു ശേഷം 2019ൽ പലരും രഹസ്യമായ എസ്റ്റേറ്റിലേത്തി പാട്ടത്തിന് ലഭിക്കുമോയെന്ന് അന്വേഷണം നടത്തിയിരുന്നത്രേ. മധ്യപ്രദേശ് സർക്കാരിന്റെ ധനകാര്യ വകുപ്പിൽ അന്വേഷിക്കാനാണ് എസ്റ്റേറ്റ് അധികൃതർ ഇത്തരക്കാരോട് അന്നു മറുപടി പറഞ്ഞത്.

പലരും എസ്റ്റേറ്റ് രഹസ്യമായി കണ്ടുപോകുന്നതും പതിവായിരുന്നു. ബ്രിട്ടിഷുകാരുടെ കൈവശമായിരുന്ന എസ്റ്റേറ്റ് 1877ഫെബ്രുവരി 10ന് മാനന്തവാടി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ നടത്തിയ വില്‍പന കരാര്‍ പ്രകാരം ബ്രിട്ടീഷുകാരായ എഡ്വേര്‍ അക്യൂന്‍സ്, സാമുവല്‍ ക്രസര്‍ എന്നിവര്‍ ഉത്തരേന്ത്യക്കാരായ മുഹമ്മദ് ഖാന്‍, ബഹദൂര്‍ ഹാജി, അബു മുഹമ്മദ് സാഹിബ് എന്നിവര്‍ക്കു ബീനാച്ചി എസ്റ്റേറ്റ് കൈമാറ്റം ചെയ്തു.പിന്നീട് ബീനാച്ചി എസ്റ്റേറ്റ് ഉടമകളിലൊരാള്‍ പ്രോവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്കു പണയപ്പെടുത്തി.

ബാധ്യത തീര്‍ക്കാനാകാഞ്ഞതിനാല്‍ എസ്റ്റേറ്റ് പിന്നീട് കമ്പനിയുടമകളായ ഗ്വാളിയര്‍ രാജവംശത്തിന്റേതായിത്തീര്‍ന്നു. സ്വാതന്ത്ര്യാനന്തരം എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാരിന്റേതായി. നേരത്തെ മുംബൈയിലായിരുന്ന പ്രോവിഡന്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഓഫിസും ഇപ്പോൾ മധ്യപ്രദേശിലേക്ക് മാറ്റി.

എസ്റ്റേറ്റ് സംബന്ധിച്ച രേഖകളെല്ലാം അവിടെയാണുള്ളത്. ബ്രിട്ടിഷുകാരനായ ഉടമ തന്റെ എസ്റ്റേറ്റ് ആശ്രിതയായ മീനാക്ഷി എന്ന സ്ത്രീക്കു നൽകിയിരുന്നെന്നും പറയപ്പെടുന്നുണ്ട്.