വൃത്തിയുടെയും സൗന്ദര്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മലയാളികൾക്ക് ശ്രദ്ധ ഏറെയാണ്. മുടി വെട്ടി വൃത്തിയായി നടക്കാൻ ശ്രമിക്കുന്ന മലയാളികൾക്ക് ഇടയിൽ തലമുടി വെട്ടി പ്രതിഷേധം അറിയിച്ചവരുമുണ്ട്. രണ്ട് കോവിഡ് തരംഗങ്ങളിലും ദീർഘനാൾ അടഞ്ഞു കിടക്കുകയും, തുറന്നപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ 3 ദിവസം എന്ന കണക്കിൽ ബാർബർ ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ കോവിഡ് ഭീതികൊണ്ട് തന്നെ ജനങ്ങൾ അവിടെ എത്താതെയായി.
ലോക്ക്ഡൗൺ കാലത്ത് മുടി വെട്ടുക എന്നതിൽ പെട്ട് പോയവരാണ് അധികവും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ട് മുടി വെട്ടിക്കാനും മുണ്ഡനം ചെയ്യിക്കാനുമൊക്കെ തുടങ്ങിയ മനുഷ്യർ, വീട്ടിൽ തന്നെ പരീക്ഷണങ്ങളും ആരംഭിച്ചു. അപ്പോഴും ജീവിതം ചോദ്യചിഹ്നമായ ഒരു വിഭാഗം ജനങ്ങളാണ് ബാർബർമാർ. ബാർബര്‍ ഷോപ്പിലെ പ്രഫഷനൽ ഹെയർകട്ടിനു വേണ്ടി കാത്തിരുന്ന പലരും ഷോപ്പ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നപ്പോൾ കോവിഡ് ഭീതി ഉള്ളതുകൊണ്ട് തന്നെ ഇരച്ചുകേറിയില്ല.
നാൽപതു കൊല്ലമായി ബാർബർ തൊഴിൽ സ്വീകരിച്ച്, പാരമ്പര്യമായി അച്ഛന്റെ കൈയിൽ നിന്നും ലഭിച്ച കടയിൽ ജോലി ചെയ്ത വരികയാണ് ഏഴുപുന്ന സ്വദേശിയായ ബാബു. 67 കൊല്ലമായി രവിപുരം റോഡിൽ പ്രവർത്തിച്ച് വരുന്ന ഉഷ ഹെയർ കട്ടിങ് സലൂണിൽ ബാബുവും മൂത്ത മകനുമാണ് ജോലി ചെയ്തിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ ഇവിടെ ആളുകൾ വരാതെയായി.
“ദിവസേന 25 മുതൽ 30 ആളുകൾ വന്നിരുന്ന സ്ഥാനത്ത് ഇന്ന് കൂടിവന്നാൽ 5 ആളുകൾ വരുന്നതിലേയ്ക്ക് ചുരുങ്ങി” – ബാബു, ഉഷ ഹെയർ കട്ടിങ് സലൂൺ
വരുമാനം കുറഞ്ഞതോടെ മകൻ മറ്റൊരു ബന്ധുവിന്റെ കടയിലേക്ക് മാറി. കോവിഡ് ലോക്ക്ഡൗൺ സമയത്ത് കട തുറക്കാൻ സാധിക്കാത്തതിനാൽ മുൻപ് കടയിൽ സ്ഥിരമായി തലമുടി വെട്ടാൻ വന്നിരുന്നവരുടെ വീടുകളിൽച്ചെന്ന് മുടി വെട്ടിക്കൊടുത്താണ് ബാബു കഴിഞ്ഞിരുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നതു കൊണ്ടു തന്നെ ഷേവിങ്ങ് പോലെ മുഖാമുഖം വരുന്ന ജോലികൾ ഒന്നും തന്നെ ചെയ്യാറില്ല എന്നും ബാബു പറയുന്നു.
ദിവസേന 25 മുതൽ 30 ആളുകൾ വന്നിരുന്നത് ഇന്ന് കൂടിവന്നാൽ 5 ആളുകൾ വരുന്നതിലേയ്ക്ക് ചുരുങ്ങി. പ്രായമായവരാണ് അറുപത് ശതമാനവും വന്നുകൊണ്ട് ഇരുന്നത്. റോഡിൽ ജോലി ചെയ്യുന്നവരും വഴിപോക്കരുമായിരുന്നു കടകളിൽ വന്നുകൊണ്ട് ഇരുന്ന മറ്റു ആളുകൾ.ലോക്ക്ഡൗൺ സമയത്ത് ഹിന്ദിക്കാരെ വെച്ച് കട തുറന്നവരുമുണ്ട്, പക്ഷെ മലയാളികൾ നിയമത്തെ പേടിക്കുന്നവരാണ് അതുകൊണ്ട് മലയാളികളുടെ കടകൾ ഒന്നും തുറന്നില്ല. അവര്കന്നിപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. രവിപുരത്ത് തന്നെ നിരവധി കടകൾ ഉണ്ട് ഹിന്ദിക്കാരെ വെച്ച് പ്രവർത്തിക്കുന്നത് ഇവയെല്ലാം ലോക്ക്ഡൗൺ സമയത്ത് തുറന്നിരുന്നതാണ് അപ്പോഴും ഞങ്ങൾ സലൂൺ അടച്ചിട്ടു.
കോവിഡ് വന്നതോടെ പ്രായമായവർ പുറത്ത് ഇറങ്ങാതെയാവുകയും വഴിപോക്കരുടെ എണ്ണം കുറയുകയും ചെയ്തതോടെ കട നഷ്ടത്തിലായി എന്ന് ബാബു പറയുന്നു. തലമുടി വെട്ടുക എന്നതിലേക്ക് മാത്രം ഒതുങ്ങുമ്പോൾ കടയുടെ 70 മുതൽ 80 വരെയുള്ള ലാഭം പൂർണമായും നിലച്ചു. മൂന്ന് ദിവസം തുറക്കാം എന്ന അനുമതി ലഭിച്ചിരുന്നു എങ്കിലും മറ്റ് മേഖലകളിലെക്കാളും തങ്ങളെയാണ് കോവിഡ് കൂടുതലായും ബാധിച്ചിരിക്കുന്നത് എന്നാണ് ബാബുവിന്റെ അഭിപ്രായം.
വരുന്നവർക്ക് ആർക്കെങ്കിലും അസുഖമുണ്ടോ എന്നും അത് മറ്റുള്ളവരിലേയ്ക്ക് പകരുമോ എന്നതും നിരന്തരം ബാബുവിനെ ആശങ്കപ്പെടുത്തുന്നു. എസി ലഭ്യമായ ബാർബർ ഷോപ്പാണെങ്കിൽ പോലും കോവിഡ് മാനദണ്ഡം അനുസരിച്ച് എസി പ്രവർത്തിപ്പിക്കാതെ വാതിലുകൾ തുറന്നിട്ട കൊണ്ടാണ് കട ഇപ്പോൾ ബാബു നടത്തുന്നത്. കോവിഡുമായി ജീവിക്കാൻ മനുഷ്യർ പഠിച്ചെന്നും അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങളായി ആളുകൾ കടയിൽ വരുന്നുണ്ടെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ബാബു.
1966 മുതൽ പ്രവർത്തിച്ച് വരുന്ന രാജു ഹെയർ ഡ്രസിങ് സലൂണിന്റെ ഉടമസ്ഥനായ രാജുവിനുമുണ്ട് ആത്മഹത്യ ചെയ്യാതെ പിടിച്ച് നിന്നതിന്റെ കഥ. പിടിച്ച് നിൽക്കാനുള്ള മനഃശക്തിക്കൊണ്ട് പിടിച്ച് നിന്നതാണെന്നും അല്ലെങ്കിൽ പണ്ട് തന്നെ ആത്മഹത്യ ചെയ്തേനെ എന്നാണ് 71 കാരനായ രാജു പറയുന്നത്. 1993 മുതൽ നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് കിടപ്പിലായ ഭാര്യയും, ഒരേ ഒരു മകളുമാണ് രാജുവിനുള്ളത്. ഇവരെയോർത്താണ് താൻ ആത്മഹത്യ ചെയ്യാത്തത് എന്നാണ് ചേരാനലൂർ സ്വദേശിയായ രാജു പറയുന്നത്.
ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുമ്പോഴാണ് കൊറോണ വരുന്നതെന്നും ഈ ഒന്നരക്കൊല്ലം വ്യക്തിജീവിതത്തിൽ കൃത്യനിഷ്ഠ ഇല്ലാതാക്കുകയും, തൊഴിലിനെ ബാധിക്കുകയും ചെയ്ത പ്രതിസന്ധിയായി കോവിഡ് മാറിയതായും രാജു ഓർക്കുന്നു. കട ബാധ്യതകൾ ഇല്ലാത്തതിനാൽ മറ്റ് സാമ്പത്തിക പ്രതിസന്ധി വന്നില്ലെന്നും ഇത്രയും നാൾ രാജുവിന്റെ സേവനത്തിൽ സന്തുഷ്ടരായ ഉപഭോക്താക്കൾ സഹായ ഹസ്തം നീട്ടിയത് കൊണ്ടുമാണ് കോവിഡ് പ്രതിസന്ധിയിൽ നിന്നും താൻ കരകയറിയത് എന്ന് രാജു പറയുന്നു.
“മനഃശക്തിക്കൊണ്ട് പിടിച്ച് നിന്നതാണ് അല്ലെങ്കിൽ പണ്ട് തന്നെ ആത്മഹത്യ ചെയ്തേനെ” – രാജു, രാജു ഹെയർ സലൂൺ
ആളുകൾ കടയിലേക്കുള്ള കയറാതെ വന്നതിനെ രാജു കുറ്റപ്പെടുത്തുന്നില്ല. കുടുംബവും കുട്ടികളുമുള്ള ഒരാൾക്ക് കോവിഡ് ഭയം തീർച്ചയായും ഉണ്ടാകുമെന്നും അതിനാൽ അതൊരു തെറ്റല്ല എന്നാണ് രാജു പറയുന്നത്. എന്നിരുന്നാലും സ്ഥിരമായി വരുന്നവർ എത്ര ദൂരെ നിന്നാണെങ്കിലും രാജുവിനെ തേടി എത്താറുണ്ടായിരുന്നത് ഒരു ഭാഗ്യമായി രാജു കരുതുന്നു.
53 കൊല്ലമായി നടത്തിവരുന്ന കേരളത്തിലെ 95 ശതമാനം ബാർബർ, ബ്യുട്ടീഷ്യൻ സലൂൺ മേഖലയിലുള്ളവർ അംഗങ്ങളായിട്ടുള്ള കേരള സ്റ്റേറ്റ് ബാർബർ -ബ്യുട്ടീഷൻസ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ കോതമംഗലം, നെല്ലിക്കുഴിയിൽ കെ ഈ ബഷീർ സംസ്ഥാനത്തിലെ ബാർബർ -ബ്യുട്ടീഷൻസിന്റെ അവസ്ഥ വിശദീകരിക്കുന്നത് പ്രകാരം കോവിഡ് തീവ്രമാകുന്നതിന് മുൻപ് തന്നെ കടകൾ അടച്ചവരാണ് കേരളത്തിലെ ബാർബർമാർ. കട തുറന്നതിന് ശേഷം നിലവിലുണ്ടായിരുന്ന ജോലിയുടെ ഇരുപത്തിഅഞ്ച് ശതമാനം പോലും ജോലികൾ ഒരു സ്ഥാപനത്തിലും ഇല്ല.
ജനങ്ങൾക്ക് പേടിയാണ്, അതിലേറെ ഭയമാണ് ഈ തൊഴിൽ സമൂഹത്തിന്. ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന നിത്യ വരുമാനം കൊണ്ട് കുടുംബ ജീവിതം നയിക്കുന്നവരാണ് കൂടുതൽ പേരും. അന്നന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുന്ന ആളുകളാണ് ഇവർ.
അത്തരത്തിലുള്ളവർ ഏറെ കഷ്ടപ്പാടിലാണ്. ആയിരക്കണക്കിന് ആളുകൾ വാടകയ്ക്ക് കട നടത്തുന്നുണ്ട്. അടച്ചിട്ട മാസങ്ങളിലെ കടവാടക തുക, വെള്ളത്തിന്റെയും വൈദ്യുതിയുടെയും തുക, ഡെയിലി കളക്ഷനിൽ പൈസ എടുത്തിട്ടുള്ള ആളുകൾ, ബാങ്കുകളിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളവർ തുടങ്ങിയവർക്ക് എല്ലാം കുടിശ്ശികയായി. ഇവയെല്ലാം ഇപ്പോൾ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസുകൾ സലൂൺ ഉടമസ്ഥർക്ക് വന്നുകൊണ്ടിരിക്കുകയാണ്.
“കേരളത്തിൽ ബാർബർ -ബ്യുട്ടീഷൻ മേഖല പൂർണമായും തകർന്ന് തരിപ്പണമായിരിക്കുകയാണ്” – കെ ഈ ബഷീർ കേരള സ്റ്റേറ്റ് ബാർബർ -ബ്യുട്ടീഷൻസ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റ്
സങ്കടകരമായ ഒരു വസ്തുത ബഷീർ പങ്കുവെയ്ക്കുന്നത് എന്തെന്നാൽ ജോലി പൂർണമായും തടസപ്പെട്ട് കോവിഡ് കാലത്ത് ഇത്രയേറെ പ്രശ്നം അനുഭവിച്ച ഒരുപാട് മേഖലകളുണ്ടെങ്കിലും ഈ മേഖല വളരെ ഗുരുതരാവസ്ഥയിലാണ് ഇപ്പോഴും കടന്ന് പോകുന്നത്. ഇപ്പോൾ കടകൾ തുറന്നിട്ടുള്ളവർ കേരളത്തിലെ പല ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നും വിളിച്ച് പറയുന്നത് ജോലി ഇല്ല കടയിലേക്ക് ആരും വരുന്നില്ല, 100 രൂപയുടെ പണി കിട്ടികൊണ്ട് ഇരുന്നിടത്ത് കഷ്ടിച്ച് 25 രൂപ മാത്രം ലഭിക്കുന്ന അവസ്ഥയാണ് എന്നാണ്.
ലക്ഷക്കണക്കിന് രൂപ വട്ടിപലിശയ്ക്കും വായ്പയായിട്ടും എടുത്താണ് സലൂണുകൾ നടത്തുന്നത്. അടച്ചിട്ട കാലങ്ങളിൽ സലൂണുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങളും ഉത്പന്നങ്ങളും നശിച്ചു പോയി. അങ്ങനെ ആകെ മൊത്തം ഈ തൊഴിൽ മേഖല തകർന്നിരിക്കുകയാണ്.
“ജനനം മുതൽ മരണം വരെ അനിവാര്യമായ തൊഴിലായിട്ടും ഗവൺമെന്റിൽ നിന്നും ഈ തൊഴിൽ സമൂഹത്തിന് നൂറ് രൂപയുടെ പോലും ആശ്വാസം പ്രഖ്യാപിച്ചിട്ടില്ല എന്ന വിമർശനപരമായ സങ്കടമാണ് ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ളത്. ഇത് അറിയിക്കേണ്ട ഭരണാധികാരികളെ അറിയിച്ചിട്ടുമുണ്ട്.” കെ ഈ ബഷീർ പറയുന്നു. കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി താലൂക്ക് ആസ്ഥാനങ്ങളിൽ ജില്ല കളക്ട്രേറ്റുകൾക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറിയേററ്റിന് മുന്നിൽ വലിയ സമരങ്ങൾ കേരളാ സ്റ്റേറ്റ് ബാർബർ -ബ്യുട്ടീഷൻസ് അസോസിയേഷൻ എന്ന സംഘടന നടത്തിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റിലയിൽ 15 വർഷമായി ഡൽഹിക്കാരനായ അബ്ബാസ് ശൈഖ് നടത്തുന്ന സ്ഥാപനമാണ് ഗോൾഡൻ സലൂൺ. പുരുഷന്മാർക്ക് വ്യത്യസ്ത തരത്തിലുള്ള ഹെയർ കട്ടിങ്ങും ബിയർഡ് വാഷും ഇവിടെ ലഭ്യമാണ്. ഗോൾഡൻ സലൂൺ വൈറ്റിലയിലുള്ളതിന് പുറമെ കോഴിക്കോടും അബ്ബാസിന് രണ്ട് സലൂണുകളുണ്ട്.
വൈറ്റിലയിലെ കട മാസം അമ്പതിനായിരം രൂപയ്ക്ക് വാടകയ്ക്ക് എടുത്ത് നടത്തുന്നതാണ് എന്നും കോഴിക്കോടുള്ള കടയ്ക്ക് മാസ വാടക ഒരു ലക്ഷത്തി ഇരുപത്തിനായിരം രൂപയാണെന്നും അബ്ബാസ് പറയുന്നു. കടയിൽ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാനും കടയുടെ പരിപാലനത്തിനുമായി മാസം നല്ലൊരു തുക ചിലവാകുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ആളുകൾ കടയിലേയ്ക് കോവിഡിനെ ഭയന്ന് വരുന്നില്ല എന്നിരുന്നാലും കട തുറക്കുന്നതിനാൽ എല്ലാ മാസവും വാടക മുടങ്ങാതെ അടയ്ക്കണമെന്നും ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും അബ്ബാസ് പറയുന്നു.
കേരളത്തിലെ സലൂൺ സ്ഥാപനങ്ങളുടെ വരുമാനത്തിൽ നിന്നും ഡൽഹിയിൽ രണ്ട് സലൂണുകൾ അബ്ബാസ് നടത്തുന്നുണ്ട്. വളരെ നല്ല രീതിക്ക് പോകുമ്പോഴാണ് കോവിഡ് മഹാമാരിയുടെ വരവ്. ഇപ്പോഴുള്ള പ്രതിസന്ധി മൂലം കോഴിക്കോടുള്ള കട അടയ്ക്കാനാണ് അബ്ബാസിന്റെ തീരുമാനം. ഡൽഹിയിൽ നിന്നും കേരളത്തിൽ വന്ന് പതിനഞ്ചു വർഷമായി വ്യവസായം നടത്തുന്ന അബ്ബാസിന് കോവിഡ് പ്രതിസന്ധി കാരണം ഇവിടുത്തെ സ്ഥാപനങ്ങൾ പൂട്ടിപ്പോകേണ്ട അവസ്ഥയാണു് വന്നിരിയ്ക്കുന്നത്. .
കണ്ണൂരിൽ പെരട്ടയിൽ ബോയ്സ് എന്ന സലൂൺ നടത്തുന്ന വിപിൻ ദിവസേന പതിനഞ്ചു ആളുകൾ വന്നിരുന്നടത്ത് ഇപ്പോൾ പകുതിയിലും കുറഞ്ഞു എന്ന് പറയുന്നു. 17 വർഷമായി സലൂൺ നടത്തുന്ന വ്യക്തിയാണ് വിപിൻ, കുട്ടികളുടെ വരവ് നിലച്ചു എന്നും ലോക്ക്ഡൗൺ മൂലം വീട്ടിൽ ഇരുന്ന് തന്നെ ട്രിം ചെയ്യാനും മറ്റും പഠിച്ചവർ സലൂൺ ഉപയോഗം കുറച്ചു എന്നും വിപിൻ പറയുന്നു.
വരുമാനത്തെയും ലാഭത്തെയും കോവിഡ് സാരമായി ബാധിച്ചു എന്നതിന് വിപിനും സാക്ഷിയാണ്. കോവിഡ് കാലത്ത് മുടി വെട്ടാൻ ബുദ്ധിമുട്ടിയ കുമരകം സ്വദേശിയായ ശ്യാം സ്വയമേ ട്രിമ്മർ ഉപയോഗിച്ച് മുടി വെട്ടാനും താടി വടിക്കാനും പഠിച്ചു, അത് തന്നെ തുടരുകയും ചെയ്തു. പിന്നീട് കുറച്ച് നാൾ മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ട് തന്നെ മുടി വളർത്തുകയായിരുന്നു എന്നും ശ്യാം പറയുന്നു. ജനങ്ങളുടെ തലമുടി വെട്ടുന്ന ചിട്ടയെയും തലമുടിയും താടിയും വളർത്തുന്ന രീതിയെയും വരെ കോവിഡ് പ്രതിസന്ധിയിലാക്കി.
വരുമാനം ഇല്ലാതെ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട കേരളത്തിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ തൊഴിലെടുക്കുന്ന, അവരെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് പതിനായിരങ്ങളുള്ള ഒരു തൊഴിൽ മേഖലയാണ് ബാർബർ, ബ്യൂട്ടീഷ്യൻ സലൂൺ മേഖല. ലോക്ക്ഡൗൺ കാലഘട്ടത്തിൽ പൂർണമായും അടച്ച് ഇടുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നപ്പോൾ ആളുകൾ കോവിഡ് ഭയം മൂലം കയറാതെ പോകുകയും ചെയ്യുന്ന ഇത്തരം ഇടങ്ങളിൽ ഈ പ്രതിസന്ധി തുടരുകയാണെങ്കിൽ ഒരു പക്ഷേ നാളെ ചെറുകിട സലൂണുകൾ എല്ലാം അടച്ചിടേണ്ടി വരുന്നതിനും പ്രവർത്തനരഹിതമാകുന്നതിനും സമൂഹം സാക്ഷിയാകേണ്ടി വരും.