കൊച്ചി:
കാലം മാറുന്നത് അനുസരിച്ച് മാറിയ മനുഷ്യർക്കിടയിൽ അപ്രത്യക്ഷമാകുന്ന ചില വിഭാഗക്കാരുണ്ട്. അത്തരത്തിൽ വളരെ വിരളമായി മാത്രം കാണപ്പെടുന്ന വിഭാഗമാണ് ചെരുപ്പ്കുത്തികൾ. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗർ മനോരമ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ ചെറിയ രണ്ട് ടാർപ്പായകൾ വലിച്ച് കെട്ടി ചെരുപ്പ്കുത്തിയായി ജീവിതം നയിക്കുകയാണ് കണ്ണൻ. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് കണ്ണൻ്റേത്. 36 വയസ്സുള്ള മകൻ വിവാഹ ശേഷം ഇരിങ്ങാലക്കുടയിലാണ് താമസം.
കടവന്ത്ര കരുതല കോളനിയിൽ പട്ടയത്തിന് കിട്ടിയ ഭൂമിയിൽ ചെറിയൊരു വീട്ടിലാണ് 63 വയസുള്ള കണ്ണനും ഭാര്യയും മകളും താമസിക്കുന്നത്. പ്രമേഹവും വൃക്കയ്ക്ക് അസുഖവുമായ ഭാര്യയെ നോക്കാൻ വേണ്ടി തുണിക്കടയിലെ ജോലി ഉപേക്ഷിച്ച് മകൾ വീട്ടിലാണ് ഇപ്പോൾ. ആകെയുള്ള വരുമാന മാർഗം ചെരുപ്പ് നന്നാക്കി കണ്ണൻ സമ്പാദിക്കുന്നതാണ്.
മുപ്പത് വർഷമായി ആനപ്പാപ്പാനായി ജോലി നോക്കിയിരുന്ന വ്യക്തിയാണ് കണ്ണൻ. ഇതിനുള്ള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ അംഗീകൃത ലൈസൻസും കണ്ണന്റെ കൈവശമുണ്ട്. തൃശ്ശൂരിലായിരുന്നു അധികനാളും. നിരവധി ആനകളെ കണ്ണൻ പരിപാലിച്ചിട്ടുണ്ട്.
പ്രശസ്ത മലയാള സിനിമ നടൻ പദ്മശ്രീ ജയറാമിന്റെ ആനയെയും കണ്ണൻ പരിപാലിച്ചിട്ടുണ്ട്. ഏറെ ഇഷ്ടമുള്ള ജോലി ചെയ്ത വന്നിരുന്ന കണ്ണനെ 2010 മാർച്ച് 18ന് ആന കുത്തി വലത്തെ കാലിന് ഗുരുതരമായ പരിക്ക് സംഭവിച്ചു. തുടർന്ന് ആരോഗ്യപരമായി കഷ്ടതയിലായ കണ്ണനു് പന വെട്ടി ആനയ്ക്ക് നല്കാൻ പനയിൽ കയറാൻ സാധിക്കില്ല എന്ന അവസ്ഥയായി. ഒപ്പം വീട്ടുകാരുടെ നിർബന്ധവും, അങ്ങനെ കണ്ണൻ തന്റെ ഇഷ്ട ജോലി ഉപേക്ഷിച്ചു.
അപകടത്തിന് ശേഷം വലത്തേ കാലിന് പരിക്ക് പറ്റിയതോടെ മറ്റ് ജോലികൾക്ക് പോകാൻ കണ്ണന് കഴിയാതെയായി. വീട്ടിൽ ഇരിക്കാതെ സൗത്ത് റെയിൽവേ സ്റ്റേഷൻ പാലത്തിന് സമീപമുണ്ടായിരുന്ന ഒരു ചെരുപ്പ്കുത്തിയുടെ കൂടെ വന്നിരിക്കാൻ തുടങ്ങി. ചെറിയ രീതിക്ക് ഇദ്ദേഹത്തെ സഹായിക്കാനും ആരംഭിച്ചു.
സാധനങ്ങൾ വാങ്ങാൻ കടയിൽ കണ്ണൻ വടി കുത്തി പോയിരുന്നു. പ്രതിഫലമായി ഭക്ഷണവും 100 രൂപയും കണ്ണന് ലഭിച്ചു. ഈ സമയങ്ങളിലാണ് ചെരുപ്പിന്റെ പണികൾ കണ്ണൻ പഠിച്ചത്. പിന്നീട് മനോരമ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിൽ ചെറിയ ഒരു കട ഇട്ട് കണ്ണൻ ചെരുപ്പ്കുത്തിയായി തുടർന്നു. എന്നിരുന്നാലും കൈയിലുള്ള കീറിക്കിടക്കുന്ന തന്റെ പേഴ്സിൽ ആന പാപ്പാനുള്ള ലൈസൻസ് കണ്ണൻ ഇപ്പോഴും സൂക്ഷിക്കുന്നു.
ദിവസേന 1200 രൂപ വരെ ലഭ്യമാക്കിക്കൊണ്ട് ജീവിക്കുമ്പോഴാണ് മഹാമാരിയുടെ വരവ്. ഇപ്പോൾ കൂടി വന്നാൽ 300 രൂപയാണ് ദിവസേന ലഭിക്കുന്നത്. ചില ദിവസങ്ങളിൽ പണിയുമില്ല എന്ന് കണ്ണൻ പറയുന്നു.
ലോക്ക്ഡൗൺ സമയത്ത് മറ്റ് ജോലികൾക്ക് പോകാൻ കണ്ണന് സാധിച്ചില്ല. നിലവിലെ കട അടച്ച് ഇടേണ്ടിയും വന്നു. അതിനാൽ തീർത്തും പട്ടിണിയിലായി. തെരുവിലുള്ളവർക്ക് സന്നദ്ധപ്രവർത്തകർ നൽകിയിരുന്ന പൊതിച്ചോർ രണ്ടെണ്ണം വാങ്ങിയാണ് കണ്ണനും കുടുംബവും കഴിഞ്ഞിരുന്നത്. ലോക്ക്ഡൗൺ കാലയളവിൽ വരുമാനം ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധിപേർക്ക് ഇടയിൽ മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാതെ കണ്ണനും ബുദ്ധിമുട്ടി.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കണ്ണൻ മനോരമ ജംഗ്ഷനിൽ റാൻഡ് ടാർപ്പായ വലിച്ച് കെട്ടിയ കട തുറക്കുന്നത്. മനോരമയുടെ സ്ഥലമായതിനാലാണ് കണ്ണന് ഇവിടെ ഇരിക്കാൻ സാധിക്കുന്നത്. കോർപ്പറേഷൻ കടയ്ക്കുള്ള പെട്ടി നൽകാമെന്ന് കണ്ണനെ അറിയിച്ചിരുന്നു എന്നാൽ അതിനുള്ള സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ടാർപ്പായിയ്ക്കുള്ളിൽ തന്റെ ഉപജീവന മാർഗം കണ്ണൻ തേടുന്നത്. 10 വർഷമായി ഇവിടെ ഇരിക്കുന്നതിനാലാണ് ഇതുവരെയും കോർപ്പറേഷനിൽ നിന്നും ഒഴിപ്പിക്കാൻ വരാത്തത് എന്നും, കോർപ്പറേഷൻ ഒഴിയാൻ പറഞ്ഞാൽ ഒഴിയേണ്ടി വരുമെന്നും കണ്ണൻ പറയുന്നു.
2020ൽ, ആദ്യ കോവിഡ് തരംഗത്തിന് ശേഷം അയ്യായിരം രൂപ കണ്ണന് ലോട്ടറി അടിച്ചു, ഈ കാശിന് കണ്ണൻ കടയിലേക്ക് ആവശ്യമുള്ള പണി സാധനങ്ങൾ വാങ്ങി. അങ്ങനെയിരിക്കെയാണ് രണ്ടാം തരംഗം വരുന്നതും വീണ്ടും കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും. ഈ സമയത്ത് കട തുറക്കാൻ സാധിക്കാത്തതിനാൽ കണ്ണൻ വീട്ടിൽത്തന്നെ കഴിഞ്ഞ് കൂടി.
അപ്പോഴാണ് നഗരമധ്യത്തിലെ കണ്ണന്റെ ചെറിയ കടയിൽ നിന്നും പണി സാധനങ്ങളും മറ്റും മോഷണം പോകുന്നത്. ലോട്ടറി അടിച്ച കാശിന് വാങ്ങിയ സാധനങ്ങൾ എല്ലാം അപഹരിക്കപ്പെട്ടതിനാൽ പണി ആയുധങ്ങൾ വീണ്ടും വാങ്ങിയാണ് കണ്ണൻ വീണ്ടും ജോലി ആരംഭിക്കുന്നത്. വേലിയേറ്റ സമയത്തും മഴക്കാലത്തും വീട്ടിലേയ്ക്ക് വേഗം വെള്ളം കയറുന്നതിനാൽ കണ്ണൻ വളരെ ബുദ്ധിമുട്ടിലാണ്.
തന്റെ ചെറിയ വീട്ടിൽ ഒരു അലമാരയും മേശയും കാറ്റിലും ഇടുമ്പോഴേയ്ക്കും സ്ഥലം തീരും എന്നും കട്ടിലിന്റെയും മേശയുടെയും ഇടയ്ക്കുള്ള ചെറിയ സ്ഥലത്ത് പായ വിരിച്ചാണ് താൻ ഉറങ്ങുന്നത് എന്നും കണ്ണൻ വെളിപ്പെടുത്തുന്നു. തീവ്രമായി മഴ പെയ്യുന്ന സമയത്ത് തൊട്ട് മുന്നിലുള്ള കാന നിറഞ്ഞുള്ള വെള്ളം കണ്ണന്റെ വീട്ടിൽ കയറും. ഈ സമയം ഒന്നു തല ചായ്ക്കാൻ ഇടം ഇല്ലാത്തതിനാൽ ഉറങ്ങാൻ സാധിക്കില്ല എന്നും കണ്ണൻ പറയുന്നു.
അപകട ശേഷം കാലിന് പരിക്ക് പറ്റിയ കണ്ണൻ, മറ്റൊരു ചെരുപ്പ്കുത്തിയായ പാലക്കാട് സ്വദേശി കണ്ണന്റെ സഹായിയായി രണ്ട് വർഷം തുടർന്ന് അവിടെ നിന്നും പണി പഠിച്ചാണ് മനോരമ ജംഗ്ഷനിലേയ്ക്ക് ചേക്കേറുന്നത്. ആരും സ്ഥിരം ഒരു സ്ഥലത്തു ഇരുന്നു ചെരുപ്പ് കുത്താറില്ല, പലരും പല സ്ഥലത്തായിട്ടാണ്.
പൊതുവെ പഴയ പോലെ ആരും ചെരുപ്പുകൾ നന്നാക്കി ഇടാറില്ല അതുകൊണ്ട് തന്നെ വരുമാനം കുറവാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് വരുന്നവരിൽ ആരെങ്കിലും ബാഗ് കുട തുടങ്ങിയവ നന്നാക്കാൻ വരും എന്ന പ്രതീക്ഷയിലാണ് കണ്ണൻ ഇപ്പോൾ ജീവിക്കുന്നത്. ഈ പ്രശ്നങ്ങൾ ഒക്കെക്കൊണ്ടു തന്നെ മകൾക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകാൻ സാധിച്ചില്ല എന്ന ദുഃഖവും കണ്ണനെ അലട്ടുന്നുണ്ട്.
ദിവസേന കിട്ടുന്ന ഒരു ചെറിയ തുകയ്ക്കാണ് കണ്ണനും കുടുംബവും കഴിഞ്ഞ പോകുന്നത്. കിറ്റുകൾ ലഭിക്കുന്നത് കൊണ്ട് പട്ടിണി ഇല്ല എന്നും കണ്ണൻ പറയുന്നു. ഈ ജോലിയിൽ നിന്നും വരുമാനം ലഭിക്കാത്തതിനാൽ ആന പാപ്പനായി തന്നെ തിരികെ പോകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹവും. വരുമാനമോ ആനുകൂല്യങ്ങളോ ഇല്ലാത്ത ആരും തിരിഞ്ഞ നോക്കാൻ ചെല്ലാത്ത ജീവിതങ്ങളുടെ പ്രതീകമായി കണ്ണൻ ഇന്നും ചെരുപ്പ് കുത്തിയായി ജീവിതം തുടരുകയാണ്.