Wed. Jan 22nd, 2025
കൊയിലാണ്ടി:

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്.

സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന 33 കാരനായ ഹനീഫയെ അഞ്ചം​ഗ സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുൻപാണ് ഹനീഫ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് ഇടപാടാണെന്നാണ് പൊലീസ് സംശയിക്കുന്നത്.ഒരുമാസം മുൻപ് സമാനമായ രീതിയിൽ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചം​ഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്.

പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്. ഇവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് പൊലീസിന്റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.