Wed. Nov 6th, 2024
മയ്യഴി:

ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേയും, വടുവൻകുട്ടി വക്കീലുമിരുന്ന ‘മയ്യഴി മെറി’യിലെ മേയർ കസേരയിൽ ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. 141 വർഷത്തെ നഗരസഭയുടെ ചരിത്രം തിരുത്തുന്നതാവും ഇത്തവണത്തെ ജനവിധി. ആദ്യ വനിതാ അധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള നിയോഗമാണ്‌ മയ്യഴിക്ക്‌.

പുതുച്ചേരി സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിൽ മയ്യഴിയിലും പുതുച്ചേരി ഒഴുകരൈയിലുമാണ്‌ വനിതാ സംവരണം.നഗരസഭാ തിരഞ്ഞെടുപ്പിൽ ഓരോവോട്ടർക്കും രണ്ട്‌ വോട്ടുണ്ടാവും. ഒന്ന്‌ ചെയർമാനും മറ്റൊന്ന്‌ വാർഡംഗത്തിനും.

കേരളത്തിൽനിന്ന്‌ വ്യത്യസ്‌തമായി നഗരസഭാധ്യക്ഷയെ വോട്ടർമാർ നേരിട്ടാണ്‌ തിരഞ്ഞെടുക്കുക. പുതുച്ചേരി സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിലും കൊമ്യൂൺ പഞ്ചായത്തുകളിലും മാഹിക്കൊപ്പം തിരഞ്ഞെടുപ്പ്‌ നടക്കും. ഒക്ടോബർ നാലിന്‌ മുമ്പ്‌ തിരഞ്ഞെടുപ്പ്‌ പൂർത്തിയാക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

ഫ്രഞ്ച്‌ വിപ്ലവത്തിനുശേഷമാണ്‌ മയ്യഴിയടക്കമുള്ള കോളനികളിൽ ഫ്രഞ്ചുകാർ ജനാധിപത്യ ഭരണസംവിധാനം ഏർപ്പെടുത്തുന്നത്‌. 1791ൽ ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേ മേയറായ ‘മെറി ’(നഗരസഭ) പ്രവർത്തിച്ചതായി ചരിത്രരേഖകളുണ്ട്‌. എന്നാൽ 1880ൽ പുതുച്ചേരിയിലും മാഹിയിലും രൂപീകരിച്ച മെറിക്കാണ്‌ പ്രഥമ നഗരസഭയെന്ന ഔദ്യോഗിക സ്ഥാനം.പുന്ന രാമോട്ടി, ഗോപാലൻ വക്കീൽ, സഹദേവൻ വക്കീൽ, വടുവൻകുട്ടി വക്കീൽ, മേയർ സുകുമാരൻ എന്നിവരാണ്‌ ഫ്രഞ്ച്‌ മയ്യഴിയിലെ ആദ്യകാല മലയാളി മേയർമാർ.