കുന്നമംഗലം:
മലബാറിലെ ആദ്യത്തെ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷൻ 16ന് നാടിന് സമർപ്പിക്കും. കുന്നമംഗലത്ത് 90 കോടി രൂപ ചെലവിട്ട് പ്രവൃത്തി പൂര്‍ത്തീകരിച്ച 220 കെവി ജിഐഎസ് സബ് സ്റ്റേഷന്റെ ഉദ്‌ഘാടനം പകൽ രണ്ടിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിർവഹിക്കും. പി ടി എ റഹീം എംഎല്‍എ അധ്യക്ഷനാകും.
പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സബ് സ്റ്റേഷൻ സ്ഥാപിക്കാൻ പരമ്പരാഗത സബ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലമേ ആവശ്യമുള്ളൂ. നിരവധി കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കുന്നമംഗലത്ത് നിലവിലുള്ള സബ് സ്റ്റേഷന്‍ അപര്യാപ്തമായിരുന്നു. ഇതോടെയാണ് ശേഷി കൂടിയതും ആധുനിക സംവിധാനങ്ങളുമുള്ള സബ് സ്റ്റേഷന്‍ വേണമെന്ന് ആവശ്യം ഉയർന്നത്.
നല്ലളം സബ് സ്റ്റേഷന്‍ വഴി അരീക്കോടുനിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്തുനിന്ന് ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതിയുമായിരുന്നു ഇതുവരെ ഈ പ്രദേശങ്ങളിലെ ആവശ്യകത നിറവേറ്റിയിരുന്നത്.കുന്നമംഗലത്ത് കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള സബ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് പുതിയ സബ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയില്‍ എം കെ രാഘവന്‍ എംപി മുഖ്യാതിഥിയായിരിക്കും.