Wed. Jan 22nd, 2025
കടലുണ്ടി:

കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത് വ്യാപകമായി മണൽ അടിഞ്ഞു കൂടിയതിനാൽ കമ്യൂണിറ്റി റിസർവിൽ ജൈവ വൈവിധ്യത്തിനു ശോഷണം സംഭവിക്കുന്നതായി പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സിഎംഎഫ്ആർഐ)നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒടുവിൽ നടത്തിയ പരിശോധനയിൽ കടലുണ്ടിക്കടവ് അഴിമുഖത്ത് 18.81 ഹെക്ടറിൽ മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2002ൽ ഇതു 1.81 ഹെക്ടറായിരുന്നു.

അഴിമുഖത്ത് മണൽ അടിഞ്ഞു കൂടിയതിനാൽ വേലിയേറ്റ വേലിയിറക്ക പ്രതിഭാസം ശരിയായ നിലയിൽ നടക്കുന്നില്ലെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. റിപ്പോർട്ട് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനും കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിക്കും കൈമാറി. മണൽ അടിഞ്ഞതു കാരണം കടലുണ്ടിപ്പുഴയിൽ മത്സ്യങ്ങളുടെ പ്രജനനം കുറഞ്ഞു.

നദിയിൽ സുലഭമായിരുന്ന കരിമീൻ, തിരുത, കോര, മുള്ളൻ, കാളാഞ്ചി, ചെമ്മീൻ എന്നിവയുടെ എണ്ണം വളരെ കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.ആഴവും ഒഴുക്കുമുള്ള വെള്ളത്തിൽ പ്രജനനം നടക്കുന്ന പല മീനുകളും കിട്ടുന്നില്ല. കടലിൽ നിന്നു ഉപ്പുവെള്ളം കയറിയിറങ്ങാത്തതിനാൽ അഴിമുഖത്ത് പോഷക ഗുണങ്ങൾ കുറയാൻ സാധ്യതയുള്ളതായും പഠന റിപ്പോർട്ടിലുണ്ട്.

കണ്ടൽ വനത്തിലെ ജീവികളുടെ അവസ്ഥ, നദിയിലെ മത്സ്യങ്ങൾ, കക്കാ വർഗ ജീവികൾ, വെള്ളത്തിന്റെ ഗുണമേന്മ, കമ്യൂണിറ്റി റിസർവിലെ ജൈവവൈവിധ്യ മൂല്യം, ദേശാടനപ്പക്ഷികളുടെ വരവ്, റിസർവിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നീ വിഷയങ്ങളാണ് സിഎംഎഫ്ആർഐ പഠന വിധേയമാക്കിയത്. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലായി 153.84 ഹെക്ടറിലാണ് കമ്യൂണിറ്റി റിസർവ്. ഇതിൽ 21.2443 ഹെക്ടറിലാണ് കണ്ടൽ വനമുള്ളത്.

ഒരു ഹെക്ടറിലെ കണ്ടലുകൾ ഏതാണ്ട് 180 ടൺ കാർബൺ ശേഖരിക്കുന്നുണ്ട്. റിസർവിലെ കണ്ടലിന്റെ സാമ്പത്തിക മൂല്യം 25 ലക്ഷമാണെന്നാണ് കണ്ടെത്തൽ.അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനൊപ്പം കണ്ടലുകളുടെ ബൊട്ടാണിക്കൽ ഗാർഡൻ, ഇന്റർപ്രട്ടേഷൻ സെന്റർ എന്നിവ തുടങ്ങണമെന്നും ഇക്കോ ടൂറിസം സംരംഭകർക്ക് പരിശീലനം നൽകണമെന്നും പഠന സംഘം റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.

കൂടാതെ പ്രദേശവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനു മത്സ്യം, കല്ലുമ്മക്കായ, മുരു എന്നീ കൃഷികളിൽ സാങ്കേതിക പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാക്കാൻ നടപടി വേണമെന്നും പരാമർശിച്ചിട്ടുണ്ട്. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരായ ഡോ കെ വിനോദ്, ഡോ പി കെ അശോകൻ, ഡോ കെ കെ ജോഷി, ഡോ ആർ നാരായണകുമാർ, ഡോ പി യു സക്കറിയ, ഡോ മോളി വർഗീസ്, ഡോ എസ് ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ 2 വർഷം കൊണ്ടാണു പഠനം പൂർത്തിയാക്കിയത്.