Sat. Jan 18th, 2025
കൂത്തുപറമ്പ്:

പൂപ്പാടങ്ങളിൽ പുഞ്ചിരി വിരിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട് പുഷ്പ കൃഷി നടത്തിയ കർഷകരും നിരാശയിലാണ്. പാടങ്ങളിൽ ചെണ്ട് മല്ലി മൊട്ടിട്ട് നിൽക്കുകയല്ലാതെ പൂക്കൾ വിരിഞ്ഞില്ല.

അത്ത പൂക്കളമിടാൻ നാടൊരുങ്ങിയപ്പോൾ വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷിയിൽ പൂക്കൾ വിളവെടുപ്പിന് പാകമായില്ല. ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കുട്ട പൂവ് ’പദ്ധതിയും ലക്ഷ്യം കണ്ടില്ല. തൈകൾ നൽകാൻ വൈകിയതും കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും നാടൻ പൂ കൃഷിക്ക് തിരിച്ചടിയായി.

നാടൻ പൂ വിപണിയിൽ ഇക്കുറി പൂക്കൾ കുറയും. ഓണം കണക്കാക്കി ചെയ്യേണ്ട മുന്നൊരുക്കം വൈകിയതാണ് പൂക്കൾ വൈകാൻ കാരണം. വിത്തുകളും ചെടികളും ലഭ്യമാക്കുന്നത് അൽപം വൈകിയിരുന്നു.

വിവിധ വർണങ്ങളിലുള്ള ചെണ്ടുമല്ലികളാണ് ഇവിടെ കൂടുതലായും കൃഷി ചെയ്തത്. വേങ്ങാട്ടെ പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ രാജൻ വേങ്ങാട് ഫല വൃക്ഷ തോട്ടങ്ങളുടെ നിർമാണത്തോടൊപ്പം ഈ വർഷം ചെണ്ടുമല്ലി കൃഷിയും നടത്തുന്നുണ്ട്.
60 സെന്റോളം സ്ഥലത്ത് ആയിരത്തിലേറെ മല്ലിക തൈകൾ വളർച്ചയെത്തി മൊട്ടിട്ട് നിൽക്കുന്നു.

ഏതാനും ചെടികളിൽ മാത്രമേ പൂക്കൾ വിരിഞ്ഞിട്ടുള്ളൂ. ഓണത്തിന് കുറേ കൂടി പൂക്കൾ വിരിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും സ്വന്തമായി മുളപ്പിച്ച് തയാറാക്കിയ 1300ഓളം തൈകളാണ് നട്ടത്. മാങ്ങാട്ടിടം കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി.

വിളവ് അൽപം വൈകിയാലും വിപണി പ്രശ്നമാകില്ലെന്ന വിശ്വാസത്തിലാണ് രാജൻ. ഇദ്ദേഹത്തിന്റെ മറ്റൊരു തോട്ടത്തിൽ ചുവന്ന ചെണ്ടുമല്ലിയുടെ നാടൻ വിത്തിട്ട് മുളപ്പിച്ച ചെടികളെല്ലാം പൂക്കൾ വിരിഞ്ഞ് നിൽക്കുന്നുമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ അന്യദേശ പൂക്കൾ എത്രമാത്രം ഇക്കുറി ഓണ വിപണിയിൽ എത്തുമെന്നോ പൂ വിപണിക്ക് പൊതുസ്ഥലങ്ങളിൽ അനുമതിയുണ്ടാകുമോ എന്നും തീരുമാനമായിട്ടില്ല. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.