Wed. Jan 22nd, 2025
കൊളത്തൂർ:

സർക്കാർ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാമിന്റെ നിർമാണം ബേഡകം പഞ്ചായത്തിലെ കൊളത്തൂർ കല്ലളിയിൽ പുരോഗമിക്കുന്നു.ചുറ്റുമതിലിന്റെയും കുഴൽ കിണറിന്റെയും നിർമാണം പൂർത്തിയായി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇവിടേക്കുള്ള വെള്ളം ബാവിക്കര തടയണയിൽ നിന്ന് എത്തിക്കും.

വൈദ്യുതി കണക്‌ഷനും ഉടൻ ലഭിക്കും. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ്‌ അന്നത്തെ മന്ത്രി കെ രാജു, ആട് ഫാമിന്‌ തറക്കല്ലിട്ടത്‌.
200 ആടുകളെ വീതം ഒന്നിച്ച് നിർത്താവുന്ന അഞ്ച് ഷെഡും ഓഫീസ് കെട്ടിടവുമാണ് ഒരുങ്ങുന്നത്‌. രോഗമുള്ള ആടുകളെ ശുശ്രൂഷിക്കാനും ഗർഭിണി ആടുകൾക്കും കുഞ്ഞുങ്ങൾക്കുമായി പ്രത്യേകം സൗകര്യവും സജ്ജമാക്കും.

ആടിനുള്ള ഭക്ഷണവും ഇവിടെ തന്നെ ഉണ്ടാക്കും.22.74 ഏക്കർ സ്ഥലത്താണ്‌ പദ്ധതി. സർക്കാറിന്റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിൻ കുഞ്ഞുങ്ങളെ നൽകുക എന്നതാണ് ആദ്യ ലക്ഷ്യം.

പിന്നീട് സ്വകാര്യ വ്യക്തികൾക്കും നൽകും.പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വൈസ് പ്രസിഡന്റ് എ മാധവൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ പി നാഗരാജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ ജി എം സുനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.