Tue. Nov 5th, 2024
ചെർക്കളം:

ബസ് യാത്രക്കാരെ ദുരിതത്തിലാക്കി ചെർക്കളം ബസ് സ്റ്റാൻഡ് റോഡിൽ മാലിന്യം നിറയുന്നു. ടൗണിൽ ക്യാമറകളും മറ്റും സ്ഥാപിച്ച് പഞ്ചായത്ത് നടപടി ശക്തിപ്പെടുത്തിയതോടെയാണ് മാലിന്യം തള്ളൽ ഇവിടെയാക്കിയത്. ചില ക‍‍ടകളിൽ നിന്നുള്ള മാലിന്യത്തിനൊപ്പം ആഘോഷ വീടുകളിൽ നിന്നുള്ള മാലിന്യവുമാണ് റോഡരികിൽ തള്ളുന്നത്.

ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി തള്ളുന്ന മാലിന്യം പട്ടികളും മറ്റും കടിച്ച് പരിസരത്താകെ എത്തിക്കുന്നു. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളുമാണ് മുഴുവൻ.ഇതിൽ നിന്നുള്ള ദുർഗന്ധം കാരണം പോകാൻ കഴിയാത്ത സ്ഥിതിയാണ്.

ബസ് യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ മാലിന്യം മുഴുവൻ സമീപത്തെ വീടുകളിലേക്ക് ഒലിച്ച് പോകുന്നു. കുടിവെള്ളം മലിനമാകാനും ഇതു കാരണമാകുന്നു.

കൊവിഡ് കാലത്ത് പകർച്ചപ്പനികൾ പടരാൻ ഇതിടയാക്കുമെന്ന ആശങ്ക സമീപവാസികൾക്കുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.