Thu. Jan 23rd, 2025
നിലമ്പൂർ:

പ്രളയത്തകർച്ചയിൽനിന്ന് കരകയറിയ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തിൽ ഈ വർഷം റെക്കോഡ് ഉല്പ്പാദനം. 2021 ഏപ്രിൽ രണ്ടുമുതൽ ആഗസ്‌ത്‌ ഒമ്പതുവരെയുള്ള സീസണിൽ 4.39 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉല്പ്പാദിപ്പിച്ചത്. നിലയം തുടങ്ങിയതിനുശേഷം സീസണിലെ ഏറ്റവും കൂടിയ അളവാണിത്.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടുമുതൽ ആഗസ്‌ത്‌ ഒമ്പതുവരെയുള്ള സീസണിൽ 2.38 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉല്പ്പാദിപ്പിച്ചത്. ഈ വർഷം ജൂലൈ 20, 27 തീയതികളിൽ 86,620 യൂണിറ്റ്‌ വീതമാണ്‌. ഒരുദിവസം ലഭിക്കാവുന്ന പരമാവധി ഉല്പ്പാദനം 84,000 യൂണിറ്റാണെന്നിരിക്കെയാണ്‌ ഈ നേട്ടം.

ഒന്നര മെഗാ വാട്ടിന്റെ രണ്ടും അര മെഗാ വാട്ടിന്റെ ഒന്നും ജനറേറ്ററുകൾ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിച്ചു. ജൂലൈ ആദ്യവാരം 80,000 യൂണിറ്റായപ്പോൾതന്നെ റെക്കോഡ് ലക്ഷ്യമിടുകയായിരുന്നു കെഎസ്‌ഇബി. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത്‌ ജീവനക്കാർ കനത്ത മഴയിലും കൃത്യമായ ഇടവേളകളിൽ ട്രാഷ് റാക്ക് വൃത്തിയാക്കി.

ഓപറേറ്റിങ്‌–പവർ ഹൗസ് ജീവനക്കാരുടെ സമർപ്പണത്തോടെയുള്ള പ്രവർത്തനവും കൂടിയായപ്പോൾ ആഢ്യൻപാറ ചരിത്രമെഴുതി.
2015 സെപ്തംബർ മൂന്നിന് കമീഷൻ ചെയ്‌തതുമുതൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഉല്പ്പാദനമാണ്‌ ഈ സീസണിൽ നടന്നതെന്ന്‌ അസി എൻജിനിയർ പി ആർ ​ഗണദീപൻ പറഞ്ഞു. മെയ് മാസം 5,13,350 യൂണിറ്റും ജൂണിൽ 12,70,580 യൂണിറ്റും ജൂലൈയിൽ 19,48,970 യൂണിറ്റും ആ​ഗസ്‌ത്‌ ഒമ്പതുവരെ 6,56,100 യൂണിറ്റും വൈദ്യുതി ഉല്പ്പാദിപ്പിച്ചു.

പ്രളയത്തിനുമുമ്പ്‌ കൂടിയ ഉല്പ്പാദനം 71,000 യൂണിറ്റായിരുന്നു. വർഷകാലത്ത് കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തുന്ന അധികജലം ഉപയോ​ഗിച്ചാണ് ഉല്പ്പാദനം. 2018ലും 2019ലും പ്രളയത്തിൽ കുറുവൻപുഴ കവിഞ്ഞൊഴുകി ആഢ്യൻപാറ ജലവൈദ്യുത നിലയത്തിന്റെ ജനറേറ്ററുകൾ കേടായിരുന്നു. 1.6 കോടി രൂപ മുടക്കിയാണ് നിലയം നവീകരിച്ചത്.