കൂരാച്ചുണ്ട്:
കക്കയം ഡാം സൈറ്റ് റോഡിന് ഇരുവശവും കാട് മൂടിയതോടെ വാഹന ഗതാഗതത്തിനു ഭീഷണി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയോരത്തെ കാട് വെട്ടിയിട്ടു 3 വർഷത്തോളമായി. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ കാട് വെട്ടിയിരുന്നെങ്കിലും ഇത്തവണ ഈ പ്രവൃത്തിയും ചെയ്തിട്ടില്ല.
ലോക്ഡൗൺ നിയന്ത്രണം മൂലം കക്കയം ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടതോടെ ഈ പാതയിലൂടെ കെഎസ്ഇബി,വനം,പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സഞ്ചരിച്ചിരുന്നത്.ടൂറിസ്റ്റ് കേന്ദ്രം തുറക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കും. വാഹനത്തിരക്ക് കൂടുന്നതോടെ പാതയോരത്തെ കാട് അപകടത്തിനു കാരണമാകും.
മരങ്ങളും കമ്പുകളും പാതയിലേക്ക് ചെരിഞ്ഞു നിൽക്കുകയാണ്. റോഡരികിലെ കാട് നിമിത്തം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. പൊതുമരാമത്ത് ഡാം റോഡിലെ കാട് വെട്ടി മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.