Sun. Feb 23rd, 2025
വയനാട്:

മാനന്തവാടിയിലെ 19 വീടുകളിൽ രക്തം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. വീടുകളുടെ തറയിലും ചുമരിലുമായാണ് രക്തം കണ്ടത്. മാനന്തവാടി പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

നാലുദിവസമായിട്ടും സംഭവത്തെക്കുറിച്ച് വ്യക്തത വരാതായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് വീടുകളിൽ രക്തത്തുള്ളികൾ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് ആദ്യം വീടുകളിൽ രക്തത്തുള്ളികൾ കണ്ടത്.

പലരും അത് കഴുകി കളയുകയും ചെയ്തു. പല വീടുകളിലും സമാന രീതിയിൽ രക്തത്തുള്ളികൾ കണ്ടെന്ന വിവരം പിന്നീടാണ് പുറത്തുവന്നത്. ഇതുവരെ 19 വീടുകളിലാണ് രക്തം കണ്ടത്.

വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചോരത്തുള്ളികളുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്ന് നാലുദിവസമായിട്ടും സംഭവത്തിൽ വ്യക്തത വരാതായതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. നാട്ടുകാരെ ഭയപ്പെടുത്താൻ ആരെങ്കിലും ചെയ്തതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.