Fri. Nov 22nd, 2024
കാസര്‍കോട്:

കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുമ്പോഴും തടയാൻ മതിയായ സംവിധാനങ്ങളില്ലാതെ ജില്ലയിലെ ഫിഷറീസ്​ വകുപ്പ്​. കടലിൽ പരിശോധന നടത്താൻ ആവശ്യമായ ജീവനക്കാരും ഉപകരണങ്ങളും ഇല്ലാത്തതാണ്​ ഫിഷറീസ്​ വകുപ്പിന്​ തല​വേദനയാവുന്നത്​. ജീവനക്കാരുടെയും പൊലീസുകാരുടെയും കുറവാണ് പ്രധാന പ്രതിസന്ധി. ഇതുകാരണം കടലിലെ പട്രോളിങ് കൃത്യമായി നടക്കുന്നില്ല.

കര്‍ണാടകയില്‍നിന്നുള്‍പ്പെടെയുള്ള ബോട്ടുകള്‍ അതിര്‍ത്തി കടന്നെത്തി ജില്ലയുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന സ്ഥിതിയുണ്ട്​. ഇതൊന്നും തടയാൻ കഴിയുന്നില്ലെന്നാണ്​ ജീവനക്കാർ തന്നെ പറയുന്നത്​. സംസ്ഥാനത്തെ മിക്ക തീരദേശ ജില്ലകളിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ്​ യൂനിറ്റും ഫിഷറീസ്​​ സ്​റ്റേഷനുകളുമുണ്ട്.

അവിടെയുള്ള അസി ഡയറക്ടര്‍ക്കാണ് കടല്‍ പട്രോളിങ്ങിൻറെ ചുമതല. കാസര്‍കോട്ട് ഫിഷറീസ് സ്​റ്റേഷന്‍ ഇല്ലാത്തതിനാല്‍ കണ്ണൂരില്‍നിന്നുള്ള ഫിഷറീസ് അസി ഡയറക്ടറാണ് ജില്ലയിലെത്തി പരിശോധന നടത്തുന്നത്.അതിനാൽതന്നെ ജില്ലയുടെ തീരങ്ങളിൽ കാര്യമായ പരിശോധന നടക്കുന്നില്ല.

കീഴൂരില്‍ ഫിഷറീസ് സ്​റ്റേഷൻറെ കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ട്​ വർഷങ്ങളായി. പ്രവര്‍ത്തനം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നു തുടങ്ങുമെന്ന്​ പറയാൻ അധികൃതർക്ക്​ സാധിക്കുന്നില്ല.

ഫിഷറീസ് സ്​റ്റേഷന്‍ യാഥാർഥ്യമായാല്‍ അസി ഡയറക്ടറും പൊലീസുകാരുമുള്‍പ്പെടെ കൂടുതല്‍ ജീവനക്കാര്‍ ജില്ലയിലെ ഫിഷറീസ് വകുപ്പിന് ലഭിക്കും.മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ്​ ഗാര്‍ഡ് വന്നാല്‍ 24 മണിക്കൂര്‍ കടല്‍നിരീക്ഷണവും സാധ്യമാകും. മഞ്ചേശ്വരം കണ്വതീര്‍ഥ മുതലാണ് കേരളത്തിൻറെ തീര അതിര്‍ത്തി തുടങ്ങുന്നത്.

കൊവിഡ്​ കാലമായിട്ടും ജനുവരി മുതല്‍ ഏപ്രില്‍ വരെ 26,80,000 രൂപയാണ് ജില്ലയിലെ കടലില്‍നിന്ന്​ ഫീഷറീസ് വകുപ്പ് പിഴയീടാക്കിയത്. പിടിച്ചെടുത്ത ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിക്കുന്ന തുകയും സര്‍ക്കാറിനാണ്. മാര്‍ച്ചിനുശേഷം ഇതുവരെ രണ്ടു ബോട്ടുകള്‍ മാത്രമാണ് നിയമലംഘനത്തിന് പിടിയിലായത്. നിയമലംഘനം തുടരുമ്പോഴും അത്​ പിടികൂടാൻ സംവിധാനമില്ലാത്തതിനാൽ ഫിഷറീസ്​ വകുപ്പ്​ നിസ്സാഹയരാണ്​.