Thu. Jan 23rd, 2025
മാർപ്പനടുക്ക:

മാർപ്പനടുക്കയിലെ കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം കണ്ടാൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയും. കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ പുതിയ ആശുപത്രിക്ക് സമീപമുള്ള ജൈവ കൃഷിയാണ് ഇവിടുത്തെ ആകർഷണം.25 സെന്റ് സ്ഥലത്ത് ചെങ്കൽ പാറയ്ക്ക് മുകളിൽ മണ്ണ് നിരത്തിയാണ് കൃഷി .

നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ് ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന തുടങ്ങിയ വിളകളുണ്ട്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെല്ലാം പങ്കാളികളായ പദ്ധതിക്ക് മെഡിക്കൽ ഓഫീസർ ഡോ സയ്യിദ് കെ എസ് ശുഹൈബ് നേതൃത്വം നൽകുന്നു. ഗ്രോബാഗ് കൃഷി നടത്താനായി 250 ഗ്രോ ബാഗുകൾ വാങ്ങി. കഴിഞ്ഞ തവണ ഉപയോഗിച്ച 70 ബാഗിൽ വീണ്ടും കൃഷിയൊരുക്കി.

സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന ജീവനക്കാർ ഒഴിവു സമയം ചിലവഴിക്കാനായി ആദ്യം പൂന്തോട്ടമുണ്ടാക്കി. ഇതോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖം മാറി. ഇൻഡോർ പ്ലാന്റുകളും വിവിധങ്ങളായ അലങ്കാര ചെടികളും ആശുപത്രി അന്തരീക്ഷത്തെ സുന്ദരമാക്കി.

പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവർത്തനങ്ങൾ മാറിയപ്പോൾ ചെറിയ രീതിയിൽ പച്ചക്കറി കൃഷിതുടങ്ങി. കൃഷിഭവന്റെ പിന്തുണ കൂടി ലഭിച്ചതോടെ പച്ചക്കറി കൃഷി വിപുലീകരിക്കാൻ തീരുമാനിച്ചു. 25000 രൂപ സബ്‌സിഡിയും കിട്ടി.

പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ സ്ഥലത്ത് നെൽകൃഷിയുമുണ്ട്. മികച്ച പച്ചക്കറി കൃഷി നടത്തുന്ന പൊതു സ്ഥാപനത്തിനുള്ള അവാർഡിനായി കുമ്പഡാജെയുടെ പേര് നിർദേശിച്ചതായി കുമ്പഡാജെ കൃഷി ഓഫീസർ കെ എസ് സിമി പറഞ്ഞു.