Mon. Dec 23rd, 2024
കുറ്റിപ്പുറം:

ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പോസിറ്റീവായവരാണ് പിന്നീട് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തി തങ്ങൾ നെഗറ്റീവാണെന്ന് പറയുന്നത്. ഇത് കോവിഡ് ചട്ടലംഘനമാണെന്നും ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് പിന്നീട് തുടർ പരിശോധനയില്ലെന്നും ഇവർ കർശനമായി നിരീക്ഷണത്തിൽ പ്രവേശിക്കുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

തവനൂർ പഞ്ചായത്തിലെ തൃക്കണാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ പരിശോധന ക്യാംപിൽ നിന്ന് കൊവിഡ് സ്ഥിരീകരിച്ച സ്ത്രീകൾ അടക്കമുള്ളവർ കുറ്റിപ്പുറത്തെയും പൊന്നാനിയിലെയും സ്വകാര്യ ആശുപത്രിയിലും ലാബുകളിലും എത്തി വീണ്ടും ആന്റിജൻ പരിശോധന നടത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്. സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഇവർ നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധന ശരിയല്ലെന്നുമുള്ള തരത്തിൽ ചിലർ പ്രചാരണം നടത്തുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.

ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ വിശ്വാസമില്ലാത്ത തരത്തിലാണ് ഈ ആളുകൾ പെരുമാറിയതെന്നും കൊവിഡ് പോസിറ്റീവായ ആളുകൾ വീട്ടിൽ കഴിയാതെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും വീണ്ടും പരിശോധനയ്ക്ക് എത്തിയത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ കൊവിഡ് ചട്ടങ്ങൾ പാലിക്കാതെ ആരോഗ്യവകുപ്പിനെതിരെ പ്രചാരണം നടത്തുന്നവരെ നിയമ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വിഭാഗങ്ങൾ ആവശ്യപ്പെട്ടു.

തൃക്കണാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ക്യാംപിൽ 105 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ 40 പേർ പോസിറ്റീവായി. ഇതിൽ ഒരാൾ നിരീക്ഷണത്തിൽ പോകാതെ സ്വകാര്യ സ്ഥാപനത്തിൽ എത്തി വീണ്ടും പരിശോധന നടത്തി.

ആ പരിശോധനയിൽ ഫലം നെഗറ്റീവ് ആയതോടെ കൂടുതൽ ആളുകൾ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് രണ്ടാമത്തെ പരിശോധനയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും കയറിയിറങ്ങി. ചിലർ ആർടിപിസിആർ പരിശോധന നടത്തി. ഈ പരിശോധനകളിൽ തങ്ങൾ നെഗറ്റീവ് ആയെന്നും ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തട്ടിപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി ചിലർ മാധ്യമങ്ങളെ അടക്കം വിളിച്ചുവരുത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഒരുതവണ പോസിറ്റീവ് സ്ഥിരീകരിച്ചാൽ അയാൾക്ക് 100 ശതമാനവും വൈറസ് ബാധയുണ്ടെന്ന് ഉറപ്പിക്കാമെന്നും തുടർ പരിശോധനയ്ക്കായി ആരും പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് സിഐ അറിയിച്ചു.