വെള്ളമുണ്ട:
നാലു പതിറ്റാണ്ടായി കാത്തിരിക്കുന്ന വയനാട് വിലങ്ങാട് ബദൽ പാത യാഥാർഥ്യമാവാതെ നീളുന്നു. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ വഴി വിലങ്ങാട് പാനോത്ത് എത്തുന്ന നിർദിഷ്ട ചുരമില്ലാ റോഡാണ് യാഥാർഥ്യമാകാത്തത്. 1977ൽ അന്നത്തെ വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു ഈ റോഡിൻറെ സാധ്യതകൾ പഠിക്കാനും തുടർനടപടി സ്വീകരിക്കാനുമായി ഫണ്ട് അനുവദിച്ചത്.
അന്നു മുതൽ 40 വർഷമായി ഈ റോഡ് യാഥാർഥ്യമാകുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് മൂന്ന് ജില്ലകളിലുള്ളവർ.6.94 കി മീറ്റർ മാത്രമാണ് ഈ റോഡിൻറെ നീളം. ഇതിൽ 2.6 കി മീറ്ററിൽ 1969ൽ സർക്കാർ തേക്ക് പ്ലാൻറെഷനിലൂടെയും 2.281 കി.മീറ്റർ നീളത്തിൽ വനഭൂമിയിലൂടെയും ആറ് മീറ്റർ വീതിയിൽ റോഡ് നിലവിലുണ്ട്.
ശേഷിക്കുന്ന രണ്ട് കി മീറ്റർ മാത്രമാണ് പുതിയ റോഡ് വേണ്ടത്. മട്ടിലയം കോളനി, ചാപ്പ കോളനി, കുഞ്ഞോം കോളനി, ചിറക്കൽ കോളനി, ആലാറ്റിൽ കോളനിയടക്കം 14 ആദിവാസി കോളനികൾ ഈ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. പഴശ്ശിരാജയുടെ കാലത്ത് സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംപിടിച്ച റോഡാണിത്. പഴശ്ശിരാജ- കുറിച്യ പോരാട്ടങ്ങൾ നടന്ന പ്രദേശമായതിനാൽ ഈ റോഡിന് പഴശ്ശിരാജ റോഡ് എന്ന് നാമകരണവും ചെയ്തിരുന്നു.
ബ്രിട്ടീഷ് ആധിപത്യത്തോളം പഴക്കമുള്ള റോഡാണിത്.2004 ൽ തൊണ്ടർനാട് പഞ്ചായത്ത് ഈ റോഡ് വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരുകയും യോഗത്തിലെ 143/o4/10 നമ്പർ അജണ്ട പ്രകാരം റോഡ് നിർമിക്കാനുള്ള വനംവകുപ്പിൻറെ ഭൂമിക്ക് പകരം ഭൂമി പൊന്നുംവില കൊടുത്ത് വാങ്ങാനും, കൈമാറാനും തീരുമാനിച്ചിരുന്നു. ഇതിനുള്ള പണം പൊതുജനങ്ങളിൽനിന്ന് കണ്ടെത്താനും തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് വനം മന്ത്രിക്ക് പഞ്ചായത് നിവേദനം നൽകിയതിൻറെ അടിസ്ഥാനത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എഫ് സി സെഡ് 3003/2009 ഉത്തരവ് പ്രകാരം വനഭൂമി സർവേ നടത്തുകയും ചെയ്തു.സർവേയിൽ സംസ്ഥാന പാതയായി വികസിപ്പിക്കാവുന്ന ഏറ്റവും ലാഭകരമായ പാതയാണെന്ന് കണ്ടെത്തി. 434.88 ഹെക്ടറിൽ വനഭൂമിയിലൂടെ 6.948 കി മീറ്റർ നീളത്തിൽ റോഡ് നിർമിച്ചാൽ ചുരമില്ലാത്ത പാതവഴി കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയും.
ഈ റോഡിന് വേണ്ടി നാട്ടുകാർ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും ഫയലുകൾ നീങ്ങിയിട്ടില്ല. ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന സമയത്ത് മാത്രമാണ് ബദൽ പാതകളെ കുറിച്ച ചർച്ച പോലും ജനപ്രതിനിധികൾ നടത്തുന്നത്. നിലവിൽ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിലാണ് നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, കേന്ദ്ര വനം വകുപ്പിൻറെ തടസ്സം നീങ്ങാത്തതാണ് ഈ റോഡിന് വിലങ്ങ് തടിയായതെന്ന് മാനന്തവാടി എം എൽ എ ഒ ആർ കേളു പറഞ്ഞു.