കണ്ണൂര്‍:
കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറിയെന്ന് കമ്മീഷണർ അറിയിച്ചു. സെബിന്‍ മർദ്ദിച്ചെന്ന എക്സൈസിന്‍റെ പരാതി വ്യാജമാണോയെന്നും അന്വേഷിക്കും.
യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയെന്നും ആർ ഇളങ്കോ പറഞ്ഞു.സെബിനെ മര്‍ദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് ആദ്യം എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. സെബിൻ എസ്‍സി ആണെന്ന് അറിയില്ലായിരുന്നു ഇതിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്.
ഇത് വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി. കണ്ണൂർ ചാവശ്ശേരിയിൽ ലഹരി മരുന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘമാണ് എസ്‍സി പ്രമോട്ടറായ സെബിനെ മര്‍ദ്ദിച്ചത്.ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ചാവശ്ശേരി പറമ്പിലെ കവലയിലൂടെ ഓട്ടോയിൽ വരുമ്പോഴാണ് സംഭവം.
പ്രദേശത്ത് കഞ്ചാവ് കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്സൈസ് സംഘം സെബിൻ സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തി. ലഹരി വസ്തുക്കളൊന്നും വണ്ടിയിലുണ്ടായിരുന്നില്ല. എന്നിട്ടും മട്ടന്നൂർ റേഞ്ചിലെ ഉദ്യോസ്ഥരാരയ ബഷീർ, ബെൻഹർ എന്നിവർ സെബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിൻകഴുത്തിനും കാലുകൾക്കും ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.