Thu. May 2nd, 2024
കാസർകോട്​:

ചട്ടഞ്ചാൽ ടാറ്റ ട്രസ്​റ്റ്​ ഗവ ആശുപത്രിയിൽ മാലിന്യ പ്രശ്​നത്തിന്​ മലിനജല പ്ലാൻറ്​ സ്​ഥാപിക്കാൻ പദ്ധതിയായി. ഇതിന്​ 1.16 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എം എൽ എ. നിലവിൽ കൊവിഡ് രോഗികളെയാണ് ചികിത്സിക്കുന്നത്.

തെക്കിൽ വില്ലേജിൽ 540 ബെഡുകളോടു കൂടിയ പ്രീ ഫാബ്രിക്കേറ്റ് കണ്ടെയ്നറുകളായാണ് ടാറ്റ ഗ്രൂപ് ആശുപത്രി നിർമിച്ച് സർക്കാറിന് കൈമാറിയിട്ടുള്ളത്. രോഗികളടക്കം മുന്നൂറിലധികം പേർ ഈ സ്​ഥാപനത്തിൽ നിലവിലുണ്ട്. ആശുപത്രിയിലെ മലിനജലം ഒഴുകിപ്പോകുന്നതിന് ടാറ്റ കമ്പനി 20,000 ലിറ്റർ ശേഷിയുള്ള ആറു ചേമ്പർ നിർമിച്ചിരുന്നു.

ഈ ചേമ്പറിൽനിന്ന് മലിനജലം മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയുക എന്ന ആശയമായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ, ഇത് പ്രയോഗികമല്ലെന്നും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും പിന്നീട്​ ബോധ്യമായി. ആശുപത്രി ഉയർന്ന സ്​ഥലത്ത് സ്​ഥിതി ചെയ്യുന്നതും കടുത്ത പാറയായതിനാൽ വെള്ളം താഴ്ന്നുപോകാത്തതും വലിയ പ്രശ്നമായി.

മലിനജല ടാങ്ക് നിറഞ്ഞ് താഴ്ഭാഗത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ ഒഴുകിയിറങ്ങി വലിയ പ്രതിഷേധത്തിന് ഇടയാക്കി. താൽക്കാലികമായി കുഴികുഴിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയമായി.ഇത് ശാശ്വതമായി പരിഹരിക്കുന്നതിന് സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻറ് നിർമിക്കുക എന്ന ഏകമാർഗം മാത്രമാണുള്ളതെന്ന് മനസ്സിലാക്കി, അത് നിർമിക്കാൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കാസർകോട്​ വികസന പാക്കേജ്​ സ്​പെഷൽ ഓഫിസർക്കും കത്ത് നൽകി. കെ ഡി പി പാക്കേജിൽ പരാമർശമില്ലാത്തതിനാൽ പ്ലാനിങ്​ ബോർഡി‍െൻറ അനുമതിക്കായി സമർപ്പിച്ച പ്രപ്പോസൽ എം എൽ എയുടെ സമ്മർദഫലമായി പ്രത്യേക കേസായി പരിഗണിച്ച് പ്ലാനിങ്​ ബോർഡിൽ നിന്ന് അനുമതിയായി.