Wed. Jan 22nd, 2025
കാസർകോട്:

കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് സോളർ തൂക്കുവേലികൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്.

വന്യമൃഗശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ ഏതെങ്കിലും മേഖലയിൽ ബാക്കിയുണ്ടെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ സ്വാഗത് ആർ ഭണ്ഡാരി പറഞ്ഞു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, സി എച്ച്കു ഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എ കെ എം അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി വത്സലൻ, ഗിരിജ മോഹനൻ, ജെയിംസ് പന്തമ്മാക്കൽ, രാജു കട്ടക്കയം, എഡിഎം എ കെ രമേന്ദ്രൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ അഷ്‌റഫ്, സോളമൻ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മലയോരത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതജീവിതത്തെക്കുറിച്ചാണ് യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പറഞ്ഞത്. ഫെൻസിങ്ങിനെ മറികടന്നും ആനകൾ എത്തുന്നതിനാൽ തൂക്കുവേലികൾ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് ഉയർന്നു വന്ന പ്രധാന ആവശ്യം. പറ്റാവുന്ന സ്ഥലങ്ങളിൽ ആനമതിൽ, ഫെൻസിങ്, കിടങ്ങ് തുടങ്ങിയവ ചെയ്താൽ മാത്രമേ ആനശല്യത്തിന് അൽപമെങ്കിലും പരിഹാരം കാണാൻ സാധിക്കൂ. കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനാൽ കൂട് വെച്ച് പിടിച്ചു കുരങ്ങുകളെ ഉൾക്കാട്ടിൽ വിടണമെന്നും ആവശ്യമുണ്ട്.

വന്യമൃഗ ശല്യത്തിൽ കൃഷി നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാൽ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും അതിനെ വെടിവെക്കാൻ ഉത്തരവുണ്ടെന്നും അതിനായി പ്രാദേശിക ജനജാഗ്രത സമിതികൾ തോക്കിന്റെ ലൈസൻസ് ഉള്ളവരുടെ പട്ടിക തയ്യാറാക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിട്ടും പുതുക്കിക്കിട്ടാത്ത സാഹചര്യമുണ്ടെന്നും ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

അതത് പ്രദേശങ്ങൾക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയെന്നും വനം വകുപ്പ് തൂക്കുവേലികൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അജിത് കെ രാമൻ പറഞ്ഞു. കാട്ടാനകൾ ആന മതിലുകളെയും മറികടക്കുന്ന സാഹചര്യമാണുള്ളത്. സോളർ വേലികളെയും ആനകൾ മറികടക്കുന്നതിനാൽ തൂക്കുവേലി തന്നെയാണ് അഭികാമ്യം. പരമാവധി സ്ഥലങ്ങളിൽ നിലവിലെ ഫെൻസിങ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനൊപ്പം തൂക്കുവേലികളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala

കാസർകോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ 10 കിലോമീറ്ററിൽ സൗരോർജ തൂക്കുവേലിയും 10 കിലോമീറ്ററിൽ ആനപ്രതിരോധ കിടങ്ങും സ്ഥാപിക്കുമെന്നും വന്യമൃഗശല്യം ഒഴിവാക്കാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ നീക്കിവെക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മറ്റു തദ്ദേശ സ്ഥാപനങ്ങളും ഈ രീതിയിൽ മുന്നോട്ട് വന്നാൽ പ്രാദേശിക ജാഗ്രത സമിതികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ കഴിയും.