Wed. Dec 18th, 2024
കണ്ണൂർ:

പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ ഉത്തരമലബാറിന് മെമു അനുവദിക്കാമെന്ന വാഗ്ദാനത്തിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കണ്ണൂർ വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി മെമു സർവീസ് ആരംഭിച്ചാലേ ഈ റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരമാകൂ. കണ്ണൂരിനും കാസർകോടിനും ഇടയിൽ ട്രെയിനിനായി മൂന്നും നാലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. എന്നാൽ, പ്രതീക്ഷകളെല്ലാം തകർക്കുന്ന മറുപടിയാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നൽകിയത്.

കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ മെമു ട്രെയിൻ സർവീസ് ആരംഭിക്കുന്നത് നിലവിൽ പ്രായോഗികമല്ലെന്നായിരുന്നു കെ സുധാകരൻ എംപിയുടെ ചോദ്യത്തിനു മന്ത്രിയുടെ മറുപടി. ഇതിനു പറഞ്ഞ കാരണമാണ് അതിലും വിചിത്രം. മെമു കാർ ഷെഡ് പോലെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് പ്രധാന പ്രശ്നം.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ റെയിൽവേ ഉത്തര മലബാറിനെ തഴഞ്ഞ ശേഷം അതേ കാരണം ചൂണ്ടിക്കാട്ടി മെമു ട്രെയിനും നിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്.കൊവിഡും തുടർന്നെത്തിയ ലോക്ഡൗണുകളും യാത്രകളും ട്രെയിൻ സർവീസുകളും പരിമിതപ്പെടുത്തിയത് റെയിൽവേയുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച പല പദ്ധതികളെയും ബാധിച്ച മട്ടാണ്. ചർച്ചകൾ ഏതാണ്ടു നിലച്ചു എന്നു തന്നെ പറയാം.

വർഷങ്ങളായുള്ള നിരന്തര ആവശ്യങ്ങൾക്കൊടുവിൽ നടപ്പാകുമെന്നു കരുതിയ പല പദ്ധതികളും നീളുന്നതു കൊവിഡ് നിയന്ത്രണങ്ങൾ മാറി യാത്രകൾ സജീവമാകുന്നതോടെ യാത്രക്കാരെ വല്ലാതെ വലയ്ക്കുമെന്നുറപ്പ്. നിലവിലെ പാതയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കണമെങ്കിൽ അതിനും അടിസ്ഥാനപരമായി ഒരുപാടു കാര്യങ്ങൾ റെയിൽവേ ചെയ്യേണ്ടതുണ്ട്.ഓട്ടമറ്റിക് സിഗ്നലിങ് സംവിധാനം (എഎസ് എസ്)‌ ആണ് അതിൽ പ്രധാനം.

പുതിയ ട്രെയിനുകൾ അനുവദിക്കണമെങ്കിലും ആഴ്ചയിൽ ഒന്നും രണ്ടും ദിവസമെല്ലാം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ പ്രതിദിനമാക്കണമെങ്കിലും എഎസ്എസ് സജ്ജീകരിച്ചെ മതിയാകൂ. ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനെ ട്രയാങ്കുലർ സ്‌റ്റേഷനാക്കിയാൽ മംഗളൂരു ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തു നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള ട്രെയിനുകൾ സുഗമമായി കടന്നുപോകും. ഇരുപതിലേറെ ട്രെയിനുകൾ ഷൊർണൂർ ഒഴിവാക്കിയാണു കടന്നുപോകുന്നുണ്ട്.

ട്രയാങ്കുലർ സ്റ്റേഷൻ സജ്ജമായാൽ ഈ ട്രെയിനുകൾ മലബാറിലെ യാത്രക്കാർക്കു കൂടി പ്രയോജനപ്പെടും. പുതിയ ട്രെയിൻ അനുവദിക്കാത്ത സാഹചര്യത്തിൽ ചില ട്രെയിനുകൾ നീട്ടി യാത്രക്കാരെ സഹായിക്കണമെന്ന ആവശ്യവും റെയിൽവേ അവഗണിക്കുകയാണ്. യശ്വന്ത്പുര – മംഗളൂരു ഗോമദേശ്വര എക്സ്പ്രസ്, ലോകമാന്യതിലക് – മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ്, ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എന്നിങ്ങനെ റൂട്ട് നീട്ടാനുള്ള ട്രെയിനുകളുടെ പട്ടികയുമായി വിവിധ സംഘടനകളും ജനപ്രതിനിധികളും പലവട്ടം റെയിൽവേയെ സമീപിച്ചതാണ്. ഒന്നിനും മറുപടി ഉണ്ടായില്ലെന്നു മാത്രം.