താമരശ്ശേരി:
പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ചെമ്പ്ര കല്ലടപ്പൊയിൽ ബിജീഷാണ് (36) ചെമ്പ്ര സ്കൂളിനു സമീപത്തെ ക്വാറിയിലെ പാറകൾക്കിടയിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇയാൾ ക്വാറിയിൽ എത്തിയത്.
രാത്രി മുഴുവൻ ശക്തമായ മഴയിൽ പാറക്കെട്ടിനുള്ളിൽ കുടുങ്ങിക്കിടന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ തിരച്ചിൽ നടത്തിയപ്പോഴാണ് രണ്ടു കാലുകൾ മാത്രം പുറത്തേക്ക് കാണുന്ന രീതിയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ ബിജീഷിനെ കണ്ടെത്തിയത്. തുടർന്ന് താമരശ്ശേരി പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
നരിക്കുനിയിൽനിന്ന് സ്റ്റേഷൻ ഓഫിസർ കെ പി ജയപ്രകാശിൻറെ നേതൃത്വത്തിൽ ഫയർ ഫോഴ്സും താമരശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാറക്കല്ലുകൾ നീക്കിയ ശേഷം മറ്റു കല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്. അവശനായ വിജീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസി സ്റ്റേഷൻ ഓഫിസർമാരായ ടി പി രാമചന്ദ്രൻ, കെ കെ രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ ഗണേശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എ നിപിൻദാസ്, ഒ അബ്ദുൽ ജലീൽ, ടി സനൂപ് തുടങ്ങിയവരും പ്രദേശവാസികളായ എ കെ ബാദുഷ, ടി ടി റഷീദ്, എം പി റഷീദ്, കെ പി ബേബി, എ കെ ഷൗക്കത്തലി, ടി ടി റഫീഖ് തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.