Sat. Jan 18th, 2025
ഇരിട്ടി:

വൈവിധ്യവൽക്കരണവും പുതിയ മാനേജ്മെന്റിന്റെ നേതൃത്വ മികവും നൽകിയ കരുത്തിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം നഴ്സറി. നടീൽ വസ്തുക്കളുടെ വിപുല ശേഖരം ഫാമിൽ വിതരണത്തിനു തയാറായി. കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാത്താകെ ലഭ്യമാക്കുന്നതിനായി തയാറാക്കിയ 3 ലക്ഷം കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ ഗുണ നിലവാരം കാർഷിക സർവകലാശാലയുടെ പീലിക്കോട് കേന്ദ്രം സയന്റിസ്റ്റ് ഡോ മീര മജ്ഞുഷ, കെഎസ്എസിസി ദക്ഷിണ മേഖല പ്രതിനിധി എ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു ഉറപ്പു വരുത്തി.

അത്യുല്പാദന ശേഷിയുള്ള ധന, കനക, അമൃത, സുലഭ, പ്രിയങ്ക, വെങ്കുർല 7 എന്നീ ഇനം കശുമാവ് തൈകളാണു ലഭ്യമായിട്ടുള്ളത്. കശുമാവ് വികസന ഏജൻസി മുഖേന 2.5 ലക്ഷം തൈകളാണു വിതരണം ചെയ്യുക. അര ലക്ഷം തൈകൾ ഫാം നേരിട്ടു നൽകും.

നാടൻ, ഹൈബ്രിഡ് ഉൾപ്പെടെ തെങ്ങ്, കമുക്, കൊക്കോ, കുരുമുളക് തുടങ്ങി നൂതന ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ രണ്ടര ലക്ഷം മറ്റു നടീൽ വസ്തുക്കളും ഫാം നഴ്സറിയിൽ വിതരണത്തിനു തയാറാണ്.ദക്ഷിണേന്ത്യയിലെ മികച്ച നടീൽ വസ്തു വിപണന കേന്ദ്രമായാണ് 2004 ൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനു മുൻപ് വരെ ഫാം അറിയപ്പെട്ടിരുന്നത്. കേരളത്തിന് പുറത്തുള്ള കർഷകരും ഫാം ഉടമകളും ആറളത്തെ നടീൽ വസ്തുക്കൾക്കു നേരത്തെ ബുക്ക് ചെയ്ത് കാത്ത് നിന്നിരുന്നു.

2004 ലെ ഏറ്റെടുക്കലിനു ശേഷം ഫാമിൽ ഉണ്ടായ ഭരണ അനിശ്ചിതത്വവും ബന്ധപ്പെട്ട വകുപ്പുകളുടെ അവഗണനയും മൂലം നടീൽ വസ്തുക്കളുടെ ഉല്പാദനവും വിപണനവും ഗണ്യമായി കുറഞ്ഞു. 3 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടായിരുന്നിടത്തു മൂന്നിലൊന്നു പോലും ലഭിക്കാതായി.ഈ പശ്ചാത്തലത്തിലാണു മേഖലയിലെ ജനപ്രതിനിധികളുടെയും തൊഴിലാളികളുടെയും കർഷകരുടെയും തുടർച്ചയായ ആവശ്യം പരിഗണിച്ചു 2 വർഷം മുൻപു മുഖ്യമന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെട്ടത്.

ആധുനികവൽക്കരണം ഉറപ്പാക്കാൻ കൃഷി ശാസ്ത്രജ്ഞരുടെ സംഘത്തെ പഠനത്തിനായി നിയോഗിച്ചു. കൃഷി വകുപ്പിൽ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ച എസ് ബിമൽഘോഷ് മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ടതോടെ ഫാമിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രത്യക്ഷ മാറ്റം ഉണ്ടായി.