Mon. Dec 23rd, 2024
കൽപ്പറ്റ:

പുത്തുമല പുനരധിവാസത്തിനായി ആവിഷ്‌കരിച്ച ഹർഷം പദ്ധതിയിൽ സംസ്ഥാന സർക്കാർ സഹായത്തോടെ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച 10 വീടുകൾ ശനിയാഴ്‌ച‌ ജില്ലാ ഭരണകൂടത്തിന് കൈമാറും. സംസ്ഥാന സർക്കാർ നൽകിയ നാലുലക്ഷം രൂപയും പീപ്പിൾസ് ഫൗണ്ടേഷൻ വിഹിതമായ അഞ്ചുലക്ഷവും ചേർത്ത് 662 ചതുരശ്ര അടി വീതം വിസ്‌തീർണമുള്ള വീടുകളാണ് പൂർത്തിയാക്കിയത്.
സംസ്ഥാന സർക്കാരും മേപ്പാടി പഞ്ചായത്തിലെ മുൻ എൽഡിഎഫ്‌ ഭരണസമിതിയും മുൻകൈയെടുത്താണ്‌ സ്‌പോൺസർമാരെ കണ്ടെത്തി പുനരധിവാസപദ്ധതി നടപ്പാക്കിയത്‌.

മാതൃഭൂമി ചാരിറ്റബിൾ ട്രസ്‌റ്റാണ്‌ പൂത്തക്കൊല്ലി എസ്‌റ്റേറ്റിലെ ഏഴേക്കർ ഭൂമി വാങ്ങി സർക്കാരിന്‌ കൈമാറിയത്‌. സർക്കാർ പ്ലാനിൽ ഒരു മാറ്റവും വരുത്താതെയാണ് വീടുകളുടെ നിർമാണം പൂർത്തീകരിച്ചതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.2020 ഒക്ടോബർ അഞ്ചിനാണ് മേപ്പാടി പൂത്തക്കൊല്ലിയിൽ വീടുകളുടെ നിർമാണം ആരംഭിച്ചത്.

ജില്ലാ ഭരണകൂടം, മേപ്പാടി പഞ്ചായത്ത്‌ ജനകീയ കമ്മിറ്റി എന്നിവയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടന്നത്‌. കൊവിഡ് പ്രതിസന്ധിക്കിടയിലും പത്തുമാസത്തിനകം വീടുകളുടെ നിർമാണം പൂർത്തിയാക്കി. ഏഴിന് വൈകിട്ട് നാലിന് പൂത്തക്കൊല്ലിയിൽ നടക്കുന്ന വീടുകളുടെ കൈമാറ്റച്ചടങ്ങിൽ ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.

നേരത്തെ, പുത്തുമല ദുരന്തബാധിതരായ ആറ്‌ കുടുംബങ്ങൾക്ക് കാപ്പംകൊല്ലിയിൽ അഞ്ച് സെന്റ്‌ സ്ഥലവും 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടും നിർമിച്ചുനൽകിയിരുന്നു. വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്​ലാമി ജില്ലാ പ്രസിഡന്റ്‌ ടി പി യൂനുസ്, പി ആർ സെക്രട്ടറി ടി ഖാലിദ് പനമരം, ജില്ലാ സമിതിയംഗം ബി സലിം, പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി എന്നിവർ പങ്കെടുത്തു.