Mon. Dec 23rd, 2024
ചേലേമ്പ്ര:

കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്കിൽ അജൈവ മാലിന്യ സംഭരണ – വേർതിരിക്കൽ കേന്ദ്രം സ്ഥാപിക്കാനുള്ള ചേലേമ്പ്ര പഞ്ചായത്ത് പദ്ധതി തുടങ്ങും മുൻപേ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക്. വിഷയം പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും ചർച്ചയ്ക്ക് ഇടയാക്കി. കിൻഫ്ര ടെക്നോ പാർക്കിൽ ജല നിധി സംഭരണിക്ക് ലഭിച്ച 12 സെന്റിൽ ബാക്കിയുള്ള സ്ഥലം യോജ്യമാണോയെന്ന് പഠനം നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തു എന്നതിൽ കവിഞ്ഞ് മറ്റൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് അധികൃത നിലപാട്.

പഞ്ചായത്ത് എടുക്കാത്ത തീരുമാനത്തിന്റെ പേരിലാണ് ഇപ്പോഴത്തെ പ്രശ്നമെന്നും പ്രസിഡന്റ് എ പി ജമീല യോഗത്തിൽ വ്യക്തമാക്കി. കിൻഫ്രയിൽ ജല സംഭരണി ഭൂമിയിൽ മാലിന്യം വേർതിരിക്കൽ കേന്ദ്രം ഒരു നിലക്കും എൽഡിഎഫ് അനുവദിക്കില്ലെന്ന് മുന്നണി സ്വതന്ത്ര അംഗം അസീസ് പാറയിൽ യോഗത്തിൽ വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ സെയ്തലവിയും കാക്കഞ്ചേരി പരിസര സംരക്ഷണ സമിതിയും എൽഡിഎഫും യുഡിഎഫിലെ തന്നെ ചിലരും കിൻഫ്രയിൽ അജൈവ മാലിന്യ സംഭരണ– വേർതിരിക്കൽ കേന്ദ്രം സ്ഥാപിക്കുന്നതിന് എതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

കിൻഫ്രയിലെ ബന്ധപ്പെട്ട സ്ഥലത്ത് ഭൂമിക്കടിയിലും മീതെയും സംഭരണിയുണ്ട്. അവിടെ മാലിന്യം വേർതിരിക്കൽ കേന്ദ്രം സ്ഥാപിച്ചാൽ ശുദ്ധജലം മലിനമയമാകുമെന്നാണ് പരക്കെയുള്ള പരാതി. മാത്രവുമല്ല കിൻഫ്രയിലെ അജൈവ മാലിന്യം കൂടി തള്ളാനുള്ള സ്ഥലമായി കേന്ദ്രം മാറാനിടയുണ്ട്.

അത് പാരസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും. അതൊന്നും കണക്കിലെടുക്കാതെ പഞ്ചായത്ത് പദ്ധതിയുമായി മുന്നോട്ട് പോയാൽ തടയുമെന്ന നിലയ്ക്കാണ് പ്രതിഷേധക്കാരിൽ പലരുടെയും പ്രതികരണം.