Mon. Dec 23rd, 2024
വള്ള്യായി:

അധികൃതരെ വെല്ലുവിളിച്ച് നവോദയ കുന്നിൽ അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകമാകുന്നു. പ്രദേശത്തു പ്രവർത്തിക്കുന്ന മുപ്പതോളം ക്വാറികളിൽ ഒന്നിനു പോലും യാതൊരു വിധത്തിലുള്ള ലൈസൻസും ലഭിച്ചിട്ടില്ല. നിരന്തരമായ ഖനനം മൂലം പ്രദേശത്തെ ജനങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതർ കണ്ടില്ലെന്ന് വയ്ക്കുകയാണു എന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്തെ അൻപതോളം ഉപേക്ഷിക്കപ്പെട്ട ക്വാറികളും ജനങ്ങൾക്ക് ഭീഷണിയാണ് അനധികൃത ഖനനം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കുന്നിലും സമീപ പ്രദേശങ്ങളിലുമായി അ‌ഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.മരങ്ങൾ നശിപ്പിച്ച് ഖനനം നടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ തന്നെ ശക്തമായ മണ്ണൊലിപ്പാണിവിടെ. ചെങ്കൽ ക്വാറികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചെളിവെള്ളം കുടിവെള്ളം മലിനമാക്കുകയാണ്.

ഈ കുന്നിൽ നിന്നും ആരംഭിക്കുന്ന തോട്ടിൽ ഇപ്പോൾ ചെളി വെള്ളമാണ് ഒഴുകുന്നത്. കാർഷിക ആവശ്യങ്ങൾക്കു പോലും ആശ്രയിക്കാൻ പറ്റാത്ത വിധത്തിലാണ് തോടിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒട്ടേറെ പരാതികൾ കൊടുത്തെങ്കിലും അധികൃതരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് സ്വകാര്യ വ്യക്തികൾ ലൈസൻസ് പോലുമില്ലാതെ ഖനനം നിർബാധം തുടരുകയാണ്.

മണ്ണൊലിപ്പിനു പുറമേ ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വൻ തോതിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഉരുൾ പൊട്ടൽ ഭീഷണിയുമാണ്. പുലർച്ചെ മുതൽ വലിയ ശബ്ദത്തോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് സ്വൈരജീവിതം ഇല്ലാതാക്കുകയാണു. ജൈവ വൈവിധ്യമാർന്ന നവോദയ കുന്നിൽ നിന്ന് അവയെല്ലാം നശിച്ചിരിക്കുകയാണ്.

ഖനനം തുടരാൻ പാടില്ലെന്ന് അധികൃതർ താക്കീത് നൽകിയിരുന്നു. എന്നാൽ നവോദയ കുന്ന് കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ പരിമിതികൾ ഉണ്ട്. കണ്ണവം സ്റ്റേഷനിൽ നിന്നും ചെറുവാഞ്ചേരിയിൽ നിന്നുമായി അധികൃതർ എത്തുന്നത് ഫലപ്രദമാകുന്നുമില്ല.