പൂക്കോട്ടുംപാടം:
ജല വിതരണ വകുപ്പിൻറെ ശുദ്ധജല വിതരണ കുഴലുകൾ പൊട്ടിയതിനെ തുടർന്നുണ്ടായ കുഴി പൊതുജന കൂട്ടായ്മയിൽ അടച്ചു. കുഴികളിൽ അപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാർ ശ്രമദാനമായി അടച്ചത്. പാറക്കപ്പാടത്ത് ഏതാനും മാസങ്ങളായി കുടിവെള്ള കുഴലുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കരാറുകാരൻ റോഡിൽ കുഴി എടുത്ത് മൂടാതെ പോയത് അപകടങ്ങൾക്കിടയാക്കിയിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം ഇടപെട്ടപ്പോൾ കരാറുകാരൻ തൽക്കാലം കുഴിയിൽ മണ്ണിട്ടു പോവുകയായിരുന്നു. എന്നാൽ, റോഡിൽ കുഴിച്ച കുഴികളിലെ മണ്ണ് താഴ്ന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ വാഹന അപകടങ്ങൾ പതിവായി. പലതവണ അധികാരികളോട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
തുടർന്ന് നാട്ടുകാർ കൂട്ടായ്മയിൽ കുഴികളിൽ കോൺക്രീറ്റ് ചെയ്ത് യാത്രാ യോഗ്യമാക്കി.മെറ്റൽ, എം സാൻഡ്, സിമൻറ് എന്നിവ ജനങ്ങൾ പിരിവെടുത്ത് വാങ്ങുകയായിരുന്നു. വാഹന തിരക്ക് ഒഴിവാക്കാൻ രാത്രിയിലാണ് പ്രവൃത്തി നടത്തിയത്. പ്രദേശവാസികളായ മമ്മു, ബാബുരാജ്, സുമേഷ്, സിറാജ്, സഫീർ, നാണികുട്ടി, ശിഹാബ്, അനീഷ്, ഉണ്ണി, ഷംസു, വിജി തുടങ്ങിയവർ നേതൃത്വം നൽകി.