Fri. Nov 22nd, 2024
ഫറോക്ക്:

കരുവൻതിരുത്തിയിൽ പുതുതായി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചു. നിലവിൽ മഠത്തിൽപ്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനങ്ങൾ ആരംഭിക്കുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.രാവിലെ ഒമ്പതുമുതൽ ആറുവരെ ഒപി സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ തുടക്കത്തിൽ രണ്ട്‌ ഡോക്ടർമാർ, നേഴ്സ്, അനുബന്ധ ജീവനക്കാർ എന്നിവരുമുണ്ടാകും.

ഫാർമസി, ലാബ് എന്നിവക്കൊപ്പം സാധാരണ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന്‌ ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭിക്കും.ആരോഗ്യ- കുടുംബക്ഷേമ പ്രവർത്തനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, കൗമാരപ്രായക്കാർ തുടങ്ങിയവർക്കായുള്ള പ്രത്യേക സേവനങ്ങൾ, കുത്തിവയ്‌പുകൾ, ജീവിതശൈലീ രോഗ പരിശോധനകൾ എന്നിവയുമുണ്ടാകും. ഭാവിയിൽ ഇഎൻടി, ദന്തവിഭാഗം തുടങ്ങിയ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ഏർപ്പെടുത്തും.

ബേപ്പൂർ മണ്ഡലത്തിൽ ജനസാന്ദ്രതയേറിയ പ്രദേശമായ കരുവൻതിരുത്തിയിൽ സർക്കാർ ചികിത്സാലയം വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു. ദേശീയ ആരോഗ്യ ദൗത്യം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചതോടെ നാടിന്റെ ആവശ്യം യാഥാർഥ്യമാകുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിൽ ചെറിയ അസുഖങ്ങൾക്കു പോലും ഫറോക്ക് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന കരുവൻതിരുത്തി മേഖലയിലെ ജനങ്ങൾക്ക് പുതിയ ആരോഗ്യകേന്ദ്രം ഏറെ ആശ്വാസകരമാകും.