Sat. Jan 18th, 2025
കൊണ്ടോട്ടി:

കോഴിക്കോട് വിമാനത്താവളം നിലനിൽക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടു കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും തമ്മിൽ ‘അതിർത്തിപ്പോര്’. വിമാനത്താവളത്തിൽനിന്നുള്ള തൊഴിൽ, കെട്ടിട നികുതികളാണു അതിരുകൾ സംബന്ധിച്ച അവകാശ വാദങ്ങൾക്കു പ്രധാന കാരണം.നഗരസഭ ആവശ്യപ്പെട്ടതനുസരിച്ചു നടന്ന സർവേ നടപടിക്കു ശേഷം‍, റവന്യു അധികൃതർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന പരാതിയുമായി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി.

വിമാനത്താവള ഭൂമിയിൽ ഏറിയ ഭാഗവും പള്ളിക്കൽ പഞ്ചായത്ത് പരിധിയിൽ പെടുന്നതാണ് എന്നതിനാൽ വർഷങ്ങളായി വിമാനത്താവളത്തിൽനിന്നുള്ള തൊഴിൽ, കെട്ടിട നികുതികൾ ലഭിക്കുന്നതു പള്ളിക്കൽ പഞ്ചായത്തിനാണ്.ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉന്നയിച്ച കൊണ്ടോട്ടി നഗരസഭ, അതിർത്തി വ്യക്തമാക്കാൻ സർവേ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സർവേ നടത്തി.

പുതിയ ടെർമിനലിന്റെ ചെറിയ ഭാഗവും ഫയർ സ്റ്റേഷനും മറ്റു ചില ഭാഗങ്ങളും കൊണ്ടോട്ടി നഗരസഭാ പരിധിയിലാണെന്നു കണ്ടെത്തി. അതനുസരിച്ച് ഇരു തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യു അധികൃതർ രേഖകളും നൽകി.എന്നാൽ, കെട്ടിടങ്ങളെല്ലാം പള്ളിക്കൽ പഞ്ചായത്തിന്റെ അനുമതിയോടെ നിർമിച്ചതാണെന്നും സർവേയിൽ അവ്യക്തതകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ കലക്ടർക്കു പരാതി നൽകുമെന്നും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി അറിയിച്ചു.

ഇപ്പോൾ ലഭിച്ച സ്കെച്ച് പ്രകാരം 5 ശതമാനത്തിൽ താഴെയുള്ള പ്രദേശം മാത്രമേ നഗരസഭയ്ക്ക് ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇരു തദ്ദേശ സ്ഥാപനങ്ങളിലെയും വിമാനത്താവളത്തിലെയും വില്ലേജുകളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സർവേ നടന്നതെന്നും പള്ളിക്കൽ പഞ്ചായത്ത്, അവരുടേത് എന്നു കരുതി വർഷങ്ങളായി നികുതി വാങ്ങുന്ന പ്രദേശങ്ങളിൽ 30 ശതമാനത്തോളം കൊണ്ടോട്ടി നഗരസഭയുടേതാണെന്നു കണ്ടെത്തിയതായും അതിർത്തിയിൽ വ്യക്തത വരുത്തി തുടർനടപടികൾ സ്വീകരിച്ചു മുന്നോട്ടു പോകുകയാണ് നഗരസഭയുടെ ഉദ്ദേശ്യമെന്നും സ്ഥിരസമിതി അധ്യക്ഷൻ അഷ്റഫ് മടാൻ പറഞ്ഞു.