എരിഞ്ഞിപ്പുഴ:
മലയോരത്തിന്റെ പ്രകൃതി വശ്യതയും കാസർകോടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും സംസ്കാരവും ചേർത്ത് ബേഡകം പഞ്ചായത്തിലെ മലാങ്കടപ്പിൽ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. കാടകം ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണം അടുത്ത മാസം തുടങ്ങും. ‘മാജിക്കൽ റിയലിസം ഓഫ് തുളുനാട്’ എന്നാണ് ടൂറിസം വില്ലേജിന്റെ പരസ്യ വാചകം.
പയസ്വിനി പുഴയോരത്ത് മുന്നാട് വില്ലേജിൽ മലാങ്കടപ്പിൽ പൊലിയംതുരുത്ത് ദ്വീപാണ് വിനോദസഞ്ചാര കേന്ദ്രമാവുന്നത്. റെസ്റോറന്റ്, വില്ല, കോട്ടേജ്, കൺവെൻഷൻ സെന്റർ, ഡോർമെറ്ററി, ഓപ്പൺ ഓഡിറ്റോറിയം, സൈക്കിൾ ട്രാക്ക്, നടപ്പാത, ട്രക്കിംഗ് സൗകര്യം, കുട്ടികളുടെ കളിസ്ഥലം എന്നിവയെല്ലാം ടൂറിസം വില്ലേജിൽ ഉണ്ടാവും. ഇതോടെപ്പം മൺസൂൺ കാലത്തെ ചന്ദ്രഗിരി പുഴയുടെയും പയസ്വിനിയുടെയും വന്യ സൗന്ദര്യം കാണുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും.
കൊട്ടംകുഴി വനത്തിന്റെ സൗന്ദര്യം നുകരുന്നതോടൊപ്പം നെയ്യംകയം പുഴയോരം കാണാനും കഴിയും.തദ്ദേശീയ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് സംഘം പ്രസിഡന്റ് സിജിമാത്യു പറഞ്ഞു.കൊച്ചി സ്പെയ്സ് ഇന്റിമേറ്റ് ആർക്കിടെക്ച്ചർ സ്‌റ്റുഡിയോയുടെ പ്രൻസിപ്പൾ ആർകിടെക്റ്റ് ഏ ആർ രശ്മിദാസാണ് നിർമാണ കൺസൾട്ടൻസി. പൊതുജനങ്ങളിൽ നിന്ന് ഓഹരി സ്വരൂപിച്ചാണ് മൂലധനം കണ്ടെത്തുന്നത്.