രാമനാട്ടുകര:
നിസരി ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. സിഗ്‌നൽ പ്രവർത്തിപ്പിക്കാത്തതിനാൽ ദേശീയപാതയും ഇടിമുഴിക്കൽ–വെങ്ങളം ബൈപാസും കൂടിച്ചേരുന്ന കവലയിൽ അപകടം പതിയിരിക്കുകയാണ്. ബൈപാസിന്റെ പ്രവേശന കവാടമായ ജംക്‌ഷനിലേക്ക് തലങ്ങും വിലങ്ങുമായാണ് വാഹനങ്ങൾ പ്രവേശിക്കുന്നത്.
3 വശത്തുനിന്നും വരുന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്. മുൻപിൽ പോകുന്ന വാഹനം എങ്ങോട്ടു തിരിഞ്ഞു പോകുന്നതെന്നു അറിയാൻ പറ്റാതെ ഡ്രൈവർമാർ പാടുപെടുന്നു. ഏതുനിമിഷവും അപകടമുണ്ടാകുമെന്ന നിലയാണ്.
ഇടിമുഴിക്കൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇവിടത്തെ ഇറക്കത്തിൽ അമിത വേഗത്തിലാണ് ജംക്‌ഷനിലേക്ക് എത്തുന്നത്. ദേശീയപാത 66ൽ എത്തുന്ന വാഹനങ്ങളും പെട്ടെന്നു കവലയിലേക്ക് കയറുന്നു. സ്വകാര്യ ബസുകൾ പലപ്പോഴും മറ്റു വാഹനങ്ങളെ മറികടന്നാണ് കവലയിലേക്ക് പ്രവേശിക്കുക.
ബൈപാസിലൂടെ വാഹനങ്ങൾ കുതിച്ചെത്തുന്നതും ഭീഷണി. ബൈപാസിൽ മേൽപാലം നിർമിച്ചതോടെയാണ് നിസരി ജംക്‌ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. ഏറെക്കാലം പ്രവർത്തിച്ച ലൈറ്റ് പിന്നീട് കേടായിരുന്നു. ഇതു അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് ഒരു വർഷത്തിലേറെയായി പ്രവർത്തിപ്പിക്കുന്നില്ല.