Fri. Nov 22nd, 2024
നീലേശ്വരം:

മികച്ച ജൈവ പരിപാലന സമിതിക്കുള്ള സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാര തിളക്കത്തിൽ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്​. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് പഞ്ചായത്തിനു ലഭിച്ചത്. 25,000 രൂപയാണ് പുരസ്‌കാര തുക.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജൈവവൈവിധ്യത്തെ വീണ്ടെടുക്കാന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പഞ്ചായത്ത് ജൈവ പരിപാലന സമിതിക്കാണ് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം.ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തിൻറെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇടനാടന്‍ ചെങ്കല്‍ ഭൂമികളിലെ സീസണലായ ഉപരിതല ജലാശയങ്ങളായ പള്ളങ്ങള്‍, പാറക്കുളങ്ങള്‍ എന്നിവയുടെ കൈയേറ്റം തടയാനും സംരക്ഷിക്കാനും ബോധവത്കരണ പരിപാടികള്‍ നടത്തി. കാലിച്ചാമരം വലിയപള്ളം സംരക്ഷണത്തിനു ജനകീയ സമിതി രൂപവത്​കരിക്കുകയും പള്ളം ഭൂമി സ്വകാര്യവ്യക്തികള്‍ക്കു പതിച്ചു നല്‍കിയ നടപടി പിന്‍വലിക്കുകയും പട്ടയങ്ങള്‍ റദ്ദു ചെയ്യാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഉപയോഗശൂന്യമായ ക്വാറിയില്‍ മത്സ്യകൃഷി, കയര്‍ ഡീ ഫൈബറിങ്​ യൂനിറ്റ്, പഞ്ചായത്തിലെ 15 ഏക്കര്‍ തരിശ് ഭൂമിയില്‍ നാടന്‍ നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് നെല്‍കൃഷി നടത്തുകയും കര്‍ഷകരില്‍ നിന്നും നെല്ല്​ ശേഖരിച്ച് കെ കെ റൈസ് എന്ന പേരില്‍ അരി ബ്രാന്‍ഡു ചെയ്തു വിപണിയിലെത്തിച്ചത് ഉള്‍പ്പെടെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും ബി എം സിയുടെ നേതൃത്വത്തില്‍ നടപ്പാക്കി.
ജല സംരക്ഷണത്തിനുള്ള നബാര്‍ഡിൻറെ പലതുള്ളി സംസ്ഥാന അവാര്‍ഡും പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് മുന്‍ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിലവിലെ ഭരണസമിതിയും തുടരുകയാണ്.