Mon. Nov 25th, 2024
മാനന്തവാടി:

ജല ജീവൻ മിഷൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 6000 വീടുകൾക്ക് കുടിവെള്ള കണക്‌ഷൻ നൽകാൻ ഉതകുന്നതാണു പദ്ധതി. കാളിന്ദി പുഴയിൽ പനവല്ലിയിൽ തടയണയുടെ അടുത്തായി 8 മീറ്റർ വ്യാസത്തിൽ കിണറും -പമ്പ് ഹൗസും നിർമിക്കും.

ഇതിനു സമീപത്ത് പഞ്ചായത്ത്‌ വാട്ടർ അതോറിറ്റിക്കു കൈമാറുന്ന സ്ഥലത്ത് 2.50 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാല സ്ഥാപിക്കും.ഇവിടെ നിന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ജലസംഭരണികളിൽ എത്തിച്ച് വിതരണം ചെയ്യും. പദ്ധതി 2023 മാർച്ചിൽ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി 70.60 കിലോമീറ്റർ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ച് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജലമെത്തിക്കും.നിലവിലുള്ള തിരുനെല്ലി ടെമ്പിൾ സ്കീം ഉപയോഗപ്പെടുത്തി ഒരു ലക്ഷം പ്രഷർ ഫിൽറ്റർ വച്ച് പുതിയ ഓവർ ഹെഡ് ടാങ്കും സ്ഥാപിക്കും. 70.6 കിലോമീറ്റർ ജല വിതരണ പൈപ്പുകൾകൂടി പൂർത്തീകരിച്ച്‌ എല്ലാ വാർഡുകളിലും വെള്ളമെത്തിക്കും.

പദ്ധതി പ്രദേശങ്ങളിൽ ഒ ആർ കേളു എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ബാലകൃഷ്ണൻ, വാട്ടർ അതോറിറ്റി ബത്തേരി എക്സിക്യുട്ടീവ് എൻജിനിയർ തുളസിധരൻ, അസി എക്സിക്യൂട്ടീവ് എൻജിനിയർ ജിതേഷ് എന്നിവരും ഒപ്പമുണ്ടായി.