കുതിരാന്‍:
ദേശീയപാത ഉദ്യോഗസ്ഥര്‍ നിർമാണം വിലയിരുത്താൻ എത്താത്ത സാഹചര്യത്തില്‍ ആഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിന് ശേഷം 29ന് ട്രയല്‍ റണ്‍ നടക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി ദേശീയപാത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ നിർദേശിച്ചതനുസരിച്ച് കെഎംസി കമ്പനി നിർമാണം പൂര്‍ത്തീകരിച്ചിരുന്നു. അഗ്നിസുരക്ഷ സേനയുടെ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരവും നേടി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് സ്ഥലം എംഎല്‍എ കൂടിയായ റവന്യു മന്ത്രികെ രാജന് പ്രത്യേക താല്പര്യമെടുത്ത് നിർമാണം വേഗത്തിലാക്കിയത്.
രാത്രിയും പകലും പ്രവൃത്തി നടത്തിയാണ് ആഗസ്റ്റിന് മുമ്പ് തുരങ്ക നിർമാണം പൂര്‍ത്തീകരിച്ചത്. ഇനി ദേശീയപാത അതോറിറ്റിയുടെ സുരക്ഷ വിഭാഗമാണ് നിർമാണം വിലയിരുത്തി അനുമതി നൽകേണ്ടത്. എന്നാല്‍, നിർമാണ പ്രവൃത്തി പരിശോധിക്കാന്‍ തന്നെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നെത്തും എന്ന് അറിയാത്ത സാഹചര്യത്തില്‍ തുരങ്കപാത തുറക്കാന്‍ കൂടുതല്‍ സമയമെടുക്കും.
പൊതുഗതാഗതത്തിന് തുറക്കും മുമ്പ് ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ സുരക്ഷ സംഘം നിർദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കാലതാമസം ഉണ്ടാകുമോ എന്നും പറയാനാവില്ല.