Sun. Dec 22nd, 2024

കോതമംഗലം:

നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ പിവി മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നാട്ടുകാരനും പരിചയക്കാരനുമായ യുവാവ് സ്വയം വെടിവച്ചു മരിച്ചു. തലശ്ശേരി മേലൂർ സ്വദേശി രഖിൽ പി രഘൂത്തമനാണ് (32) കൊലയ്ക്കുശേഷം ജീവനൊടുക്കിയത്. ഇന്നലെ പകൽ മൂന്നിനു ശേഷമായിരുന്നു സംഭവം.

ഇരുവർക്കുമിടയിൽ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. മാനസയുടെ ചെവിക്കു സമീപവും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. രാഖിൽ തലയിലേക്കു സ്വയം വെടിവയ്ക്കുകയായിരുന്നു.

കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം വീട്ടിൽ മാധവന്റെയും സബിതയുടെയും മകളാണ് മാനസ. തലശ്ശേരി മേലൂർ ബസ് സ്റ്റോപ്പിനു സമീപം രാഹുൽ നിവാസിൽ പി രഘൂത്തമന്റെയും രജിതയുടെയും മകനാണ് രഖിൽ. ഹൗസ് സർജന്മാരായ മറ്റു 3 പെൺകുട്ടികൾക്കൊപ്പം ഡെന്റൽ കോളജിനു സമീപമുള്ള വീടിന്റെ ഒന്നാം നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു മാനസ.

100 മീറ്റർ മാറി വാടകയ്ക്കു മുറിയെടുത്തു രഖിലും കഴിഞ്ഞ നാലിനു താമസമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലേക്കു പോയ ഇയാൾ തിങ്കളാഴ്ച മടങ്ങിയെത്തി. കൈത്തോക്ക് സംഘടിപ്പിക്കാനായിരുന്നു യാത്രയെന്നു പൊലീസ് സംശയിക്കുന്നു.

മാനസ ഒപ്പം താമസിക്കുന്നവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണു രഖിൽ കടന്നുവന്നത്. ‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ എന്നുചോദിച്ച് എഴുന്നേറ്റ മാനസയുടെ കൈകളിൽ പിടിച്ച് രഖിൽ അടുത്തമുറിയിലേക്കു വലിച്ചുകൊണ്ടുപോയി. ബഹളത്തിനിടെ 3 വെടിയൊച്ചകൾ കേട്ടതോടെ പെൺകുട്ടികൾ നിലവിളിച്ച് ആളെക്കൂട്ടി.

വീട്ടുടമയുടെ നേതൃത്വത്തിൽ കതകു തുറന്ന് അകത്തുകയറിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തമാസം ഹൗസ് സർജൻസി പൂർത്തിയാക്കാനിരിക്കെയാണു മാനസയുടെ മരണം. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുന്നുവെന്നു മാത്രമാണു നാട്ടുകാർക്കുള്ള വിവരം.

ഇയാൾ മാനസയെ നേരത്തേ നാട്ടിലും പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നുവെന്നാണു വിവരം. പരാതി നൽകിയതോടെ കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ പറഞ്ഞുതീർത്തിരുന്നു. ശല്യപ്പെടുത്തില്ലെന്നു രഖിൽ ഉറപ്പുനൽകിയതിനാൽ കേസെടുക്കാൻ മാനസയും നിർബന്ധിച്ചില്ല.

മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. എറണാകുളം ഗവ മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തും.

By Rathi N