Fri. Nov 22nd, 2024
കോട്ടയം/ ചങ്ങനാശേരി:

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിൽ ‘വൈറൽ’ പോസ്റ്റിനു വേണ്ടിയാണു യുവാക്കളുടെ വഴിയിലെ പാച്ചിൽ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇത്തരം നാടൻ റേസിങ് വീഡിയോകൾ വ്യാപകമാണ്. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ വീഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സാമൂഹിക മാധ്യമ ഹാൻഡിലുകളിൽ പ്രധാനമായുള്ളത്.‌

വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവരെ ‘ബ്ലോക്ക്’ ചെയ്താവും പലരും ഇത്തരം ഹാൻഡിലുകൾ ഉപയോഗിക്കുന്നത്. വാട്സാപ് സ്റ്റേറ്റസും മറച്ചു വയ്ക്കാൻ സാധിക്കും. അതിനാൽ വീട്ടുകാർ പലപ്പോഴും അറിയാതെ പോകുന്നു.

പൊലീസോ ഗതാഗത വകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾക്കു ‘റീച്ച്’ കൂടുതലാണ്. തടസ്സങ്ങളിലാത്ത റോഡിൽ അഭ്യാസം നടത്തുമ്പോൾ അരക്കിലോമീറ്റർ ദൂരപരിധിയിൽ സുഹൃത്തുക്കളെ കാവൽ നിർത്തുന്ന രീതിയുണ്ട്. അപകടമൊഴിവാക്കാനല്ല, പരിശോധനയ്ക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ രക്ഷപ്പെടാനുള്ള അപായ സിഗ്നൽ നൽകാനാണ് ഇത്.

പരാതികളും അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഗ്രൂപ്പുകളിൽ നിന്നുള്ള വിഡിയോകളുടെ അടിസ്ഥാനത്തിൽ യുവാക്കളെ തിരഞ്ഞു പൊലീസ് വീടുകളിൽ എത്താൻ തുടങ്ങിയിട്ടുണ്ട്.

By Divya