Mon. Dec 23rd, 2024
കൊട്ടാരക്കര:

അമ്മയുടെയും ആശ്രയയുടെയും തണലിലാണ്‌ രതീഷ്‌ സ്വപ്‌നങ്ങൾ നെയ്‌തെടുത്തത്‌. ഒടുവിൽ പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി മിന്നുംവിജയം നേടിയെടുത്തപ്പോൾ കൂടെ അമ്മയില്ലാത്തതിൻ്റെ വിഷമം. അമ്മയുടെ ഓർമകൾ മാത്രമേ കൂട്ടിനുള്ളൂവെങ്കിലും നല്ലോണം പഠിക്കുമെന്ന്‌ അമ്മയ്‌ക്കു നൽകിയ വാക്കുപാലിച്ചതിൻ്റെ സന്തോഷം രതീഷിൻ്റെ കണ്ണുകളിൽ കാണാം.

കലയപുരം ആശ്രയ സങ്കേതത്തിന്റെ ശാഖയായ അടൂർ പറന്തൽ ആശ്രയ ശിശുഭവനിൽ താമസിക്കുന്ന രതീഷ് അടൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ്‌ പ്ലസ്ടുവിന് ഉജ്വല വിജയം കരസ്ഥമാക്കിയത്‌. 15 വർഷം മുമ്പാണ് രതീഷും അമ്മയും രണ്ടു ജ്യേഷ്‌ഠന്മാരും ആശ്രയയുടെ തണലിലെത്തിയത്.

തലചായ്ക്കാൻ ഇടമില്ലാതെ കൊല്ലം ഓലയിലെ തടി ഡിപ്പോയിൽ കോൺക്രീറ്റ് പൈപ്പിനുള്ളിലായിരുന്നു ഇവരുടെ താമസം. രോഗം കാർന്നുതിന്ന അമ്മയുടെയും മൂന്നു മക്കളുടെയും വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ്‌ കൊട്ടാരക്കര ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസും സംഘവുമെത്തി ഇവരെ ഏറ്റെടുത്തത്.

അമ്മ സുശീലയ്ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ആശ്രയ ലഭ്യമാക്കി. മൂന്നുമക്കളുടെ വിദ്യാഭ്യാസവും ഏറ്റെടുത്തു. 2013ലാണ്‌ മൂന്നുമക്കളെയും ആശ്രയയുടെ തണലിൽ വിട്ട്‌ അമ്മ വിട പറഞ്ഞത്‌. സ്‌കൂൾ പഠനകാലം മുതലെ രതീഷ്‌ കഠിനാധ്വാനിയായിരുന്നു.

എസ്‌എസ്‌എൽസിയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തിലും രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നാം സമ്മാനം നേടി. സിവിൽ സർവീസാണ്‌ ലക്ഷ്യം. രതീഷിന്റെ സഹോദരങ്ങൾ പ്ലസ്‌ടു, ഐടിഐ പഠനശേഷം ജോലിചെയ്‌തുവരികയാണ്‌.

By Divya