Wed. Jan 22nd, 2025
റാന്നി:

പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന ജനങ്ങളുടെ പരാതിയെതുടർന്ന് 2018 ൽ വനം, റവന്യു വകുപ്പുകൾ സംയുക്തമായി സ്ഥലത്തിൻറെ 85 ശതമാനവും സർവേനടത്തി.

2019 മാർച്ച് ആറിന് ഇറങ്ങിയ ഇടക്കാല റിപ്പോർട്ടിൽ ജനങ്ങൾ താമസിക്കുന്ന സ്ഥലം വനഭൂമിയുടെ ജണ്ടയ്ക്ക് പുറത്താണ് എന്ന് വ്യക്തമാക്കിയതാണ്. സർവേ നടക്കാത്ത 12 ശതമാനം സ്ഥലം ജനങ്ങളുടെ കൈവശഭൂമി അല്ല. കർഷകരുടെ ഭൂമി വനഭൂമിക്ക് പുറത്താണെന്ന ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടയം നൽകുന്നതിന്‌ നടപടി സ്വീകരിക്കാനും ശേഷിക്കുന്ന സ്ഥലത്തിന്റെ സർവേ കോഴിക്കോട് ജില്ലയിലെ മിനി സർവേ ടീമിനെ നിയോഗിച്ച്‌ പൂർത്തീകരിക്കാനും വനം, -റവന്യു വകുപ്പ് മന്ത്രിമാരുടെ സംയുക്തയോഗം തീരുമാനിച്ചു.

സർവേ പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് 508 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി.

By Divya