Wed. Jan 22nd, 2025
കോഴിക്കോട്:

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾ കഴിയുന്നത് ഇടിഞ്ഞുവീഴാറായ ഹോസ്റ്റൽ മുറികളിൽ. ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞദിവസം ആൺകുട്ടികളുടെ ഹോസ്റ്റലിലെ മേൽക്കൂരയുടെ ഒരുഭാഗം അടർന്നു വീണിരുന്നു.

ഇരുന്ന് പഠിക്കാൻ പോലും സൗകര്യമില്ലാത്ത വിധം തിങ്ങി നിറഞ്ഞ മുറികൾ. വൃത്തിഹീനമായ ശുചിമുറി ഇതാണ് കോഴിക്കോട് മെഡി കോളേജിൽ ആൺകുട്ടികൾക്കായുളള മൂന്ന് ഹോസ്റ്റലുകളുടെയും അവസ്ഥ. അടിസ്ഥാന സൗകര്യങ്ങളെങ്കിലും മെച്ചപ്പെടുത്തണമെന്നത് വർഷങ്ങളായുളള ഇവരുടെ ആവശ്യമാണ്. ലോക്ഡൗണിന് ശേഷം പരീക്ഷകൾക്കായി വീണ്ടും വിദ്യാർത്ഥികളെത്തിയപ്പോൾ പഴയതിനേക്കാൾ ദുരിതം. അടർന്നു വീഴുന്ന മേൽക്കൂര.

പഠനം പൂർത്തിയാക്കിയവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ, അവർക്ക് താമസമൊരുക്കിയതും വിദ്യാർത്ഥികളുടെ കൂടെ. ഇതോടെ മുറികളിൽ തിരക്കേറി. ബലക്ഷയം മൂലം നേരത്തെ ഒരു ഹോസ്റ്റൽ സമുച്ചയം പൂട്ടിയതും പ്രതിസന്ധി കൂട്ടി.ക്ലാസുകൾ സാധാരണ നിലയിലേക്ക് തിരിച്ചുപോകുമ്പോഴേക്കും മെച്ചപ്പെട്ട താമസസൗകര്യം വേണമെന്ന് മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്.