Wed. Jan 22nd, 2025

പിറവം:

പാമ്പാക്കുട ടൗണിലെ  വ്യാപാര സ്ഥാപനങ്ങളിൽ  ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ വ്യാപകനാശം. പഞ്ചായത്ത് ഓഫിസിനു സമീപം കാഞ്ഞിരംകുഴിയിൽ ബിൽഡിങ്സിലാണ് തീ പിടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന 4 സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമുണ്ടായി.

തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട അതിഥിത്തൊഴിലാളി വിവരമറിയിച്ചതിനാൽ കൂടുതൽ സ്ഥാപനങ്ങളിലേക്കു തീ പടരുന്നത് തടയാനായി. സമീപത്ത് പെട്രോൾ പമ്പും  പ്രവർത്തിക്കുന്നുണ്ട്.  അരക്കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക നിഗമനം. 

ടയർ വ്യാപാര സ്ഥാപനമായ അനു ടയേഴ്സിലാണു ആദ്യം തീപിടിച്ചതെന്നാണു വിവരം. രാമമംഗലം മാമലത്താഴത്ത് ജിജിമോന്റെ സ്ഥാപനമാണിത്. ടയറുകൾക്കും സോളുകൾക്കും തീ പിടിച്ചതോടെ ചൂടും പുകയും രൂക്ഷമായി.

വൈകാതെ സമീപത്തു പ്രവർത്തിച്ചിരുന്ന കാക്കൂർ പന്തലാട്ട് പികെ ശശിയുടെ അനീഷ് ഫർണിച്ചർ മാർട്ടിലേക്കും,വെട്ടിമൂട് ആലമലത്തടത്തിൽ എൽദോസിന്റെ അലുമിനിയം ഫാബ്രിക്കേഷൻ സെന്ററിലേക്കും തീ പടർന്നു. ഇവിടെ ഉണ്ടായിരുന്ന  ഉപകരണങ്ങൾ ഏറെക്കുറെ കത്തി.

ഇതേ മന്ദിരത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിനും നാശമുണ്ടായി. പാമ്പാക്കുട പറമറ്റത്തിൽ മനോജ് ഏബ്രഹാ‌മാണു സ്ഥാപനം നടത്തിയിരുന്നത്.പിറവം–കൂത്താട്ടുകുളം അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങളുടെ നേതൃത്വത്തിലാണു സ്ഥിതി നിയന്ത്രിച്ചത്. രാമമംഗലം പൊലീസും എത്തിയിരുന്നു.

By Rathi N