Thu. Jul 24th, 2025 11:39:40 PM
മണിമല:

ഗൂഗിളിൽ വിലാസം തപ്പിയെടുത്ത് കോർപറേറ്റ് കമ്പനി മണിമലയിൽ നിന്ന് യുഎസിലേക്കു കൊക്കോ‘കടത്തി’! മണിമലയിലെ കർഷകരുടെ സംഘടനയായ കൊക്കോ സഹകരണ സംഘത്തിൽ നിന്ന് ഒരു ടൺ കൊക്കോ കപ്പൽ മാർഗം അമേരിക്കയിലേക്കു പോയി. ആയിരത്തിലധികം കർഷകരെ ഉൾപ്പെടുത്തി മണിമലയിൽ രണ്ടു പതിറ്റാണ്ട് മുൻപാണു കൊക്കോ സഹകരണ സംഘം ആരംഭിച്ചത്.

വിളവുൽപ്പാദനം കൂടുതലുള്ള കൊക്കോ തൈകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ സംഘം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മികച്ച രീതിയി‍ൽ കൊക്കോ കൃഷി നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് യുഎസ് കമ്പനി ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് മണിമലയിലെ കൊക്കോ സഹകരണ സംഘത്തിന്റെ വിലാസം ലഭിച്ചത്. ആറു മാസം മുൻപു കൊക്കോയുടെ സാംപിൾ വിദേശത്തേക്ക് അയച്ചു. കർഷകരിൽ നിന്നു മുന്തിയ ഇനം കൊക്കോ ശേഖരിച്ച് കയറ്റുമതി നടത്തുകയായിരുന്നു.

ലോറിയിൽ കൊക്കോ മുംബൈയിൽ എത്തിച്ച് കപ്പൽ മാർഗം യുഎസിലേക്ക് അയച്ചു. കിലോയ്ക്ക് 250 രൂപ ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. കയറ്റുമതി വിജയിച്ചാൽ കച്ചവടക്കാരുടെ ഇടനില ഒഴിവാക്കി മികച്ച വരുമാനം നേടാനാവുമെന്നു കർഷകർ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി സൈമൺ കയറ്റുമതിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, പഞ്ചായത്ത് അംഗം പി ജെ ജോസഫ് കുഞ്ഞ്,ജോയിസ് കൊച്ചുമുറി എന്നിവർ പങ്കെടുത്തു.

By Divya