Wed. Apr 24th, 2024
കുറ്റ്യാടി:

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടി. വടയം, കുറ്റ്യാടി ലോക്കൽ കമ്മിറ്റികളിലെ 32 അംഗങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ നാല് പേരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

പുറത്താക്കിയവരില്‍ ഒരാൾ ബ്രാഞ്ച് സെക്രട്ടറിയാണ്. ഇതിന് പുറമേ മൂന്ന് പേരെ ഒരു വര്‍ഷത്തേക്കും രണ്ട് പേരെ ആറ് മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. വടയം ലോക്കൽ കമ്മിറ്റിയിലെ രണ്ടു പേരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയിലെ കെ കെ ഗിരീഷന്‍, പാലേരി ചന്ദ്രന്‍, കെ പി ബാബുരാജ്, കെ പി ഷിജില്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കെ പി വത്സന്‍, സി കെ സതീശന്‍, കെ വി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും എം എം വിനീത, സി കെ ബാബു എന്നിവരെ ആറ് മാസത്തേക്കും സി പി എം സസ്പെന്‍ഡ് ചെയ്തു.വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏലത്ത് ബാലന്‍, എം എം ബാലന്‍ എന്നിവരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി കെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡി വൈ എഫ്ഐ കുറ്റ്യാടി മേഖലാ സെക്രട്ടറി കെ വി രജീഷ് എന്നിവരെ ആറ് മാസത്തേക്കും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.തിരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടിയിലേക്ക് കടന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും കുറ്റ്യാടി എം എല്‍ എ കുഞ്ഞമ്മദ് കുട്ടിയെ പാര്‍ട്ടി നീക്കി.

ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് കുഞ്ഞമ്മദ് കുട്ടിയെ തരംതാഴ്ത്തിയത്. നടപടിക്ക് പുറമേ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുകയും അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു.നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ സി പി ഐ എം തീരുമാനിച്ചതിന് പിന്നാലെയാണ് പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.

പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സി പി ഐ എമ്മിന് തന്നെ വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും കുറ്റ്യാടിയില്‍ മാത്രമാണ് പാര്‍ട്ടി പ്രതിഷേധത്തിന് വഴങ്ങിയത്.