Mon. Dec 23rd, 2024
മുക്കം:

കാരശ്ശേരി പ‍ഞ്ചായത്തിലെ അള്ളി എസ്റ്റേറ്റിൽ കൊവിഡ് പരിശോധനയ്ക്കിടയിൽ പഞ്ചായത്തംഗവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മർദനമേറ്റ ഇരുവരും ചികിത്സ തേടി ആശുപത്രികളിൽ പ്രവേശിച്ചു. പഞ്ചായത്ത് അംഗത്തെ ഹെൽത്ത് ഇൻസ്പെക്ടർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി.

കൊവിഡ് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണു വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. പഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്പത്തും തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിതിനും തമ്മിലായിരുന്നു പ്രശ്നം.

കഴിഞ്ഞ 3 ദിവസങ്ങളിൽ 300 ഓളം ആന്റിജൻ നെഗറ്റീവ് റിസൽറ്റുകൾ താൽക്കാലിക ഡേറ്റാ എ‍ൻട്രി ഓപ്പറേറ്റർമാർ സംസ്ഥാന സർക്കാരിന്റെ കൊവിഡ് പോർട്ടലിൽ ചേർത്തത് കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരൻ ഡിലീറ്റ് ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് പഞ്ചായത്ത് അംഗത്തെ ജീവനക്കാരൻ മർദിച്ചതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയത്. പ‍ഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്തിനെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

യുഡിഎഫ് പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത, വി എൻ ജംനാസ്, കെ കോയ, ആമിന എടത്തിൽ, ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, യൂനുസ് പുത്തലത്ത്, ശാന്താദേവി മൂത്തേടത്ത്, എം ടി സൈത് ഫസൽ, എം പി കെ അബ്ദു‍ൽ ബർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തംഗം മർദിച്ചതായി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.