Wed. Apr 24th, 2024

എറണാകുളം:

മഴ കനത്തതോടെ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൂട്ടമായെത്തുന്ന ഒച്ചുകളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ഒച്ചുകളെ നിയന്ത്രിച്ചില്ലെങ്കിൽ കൃഷി മാത്രമല്ല മനുഷ്യ ജീവിതംതന്നെ ഇവ ദുസ്സഹമാക്കുന്ന അവസ്ഥയാണുള്ളത്.

വീടുകളിലും കൃഷിയിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞു കഴിഞ്ഞു. വാഴത്തോട്ടത്തിലും കൃഷിയിടങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകൾ സന്ധ്യയോടെ വീടുകളിലേക്കും കയറിത്തുടങ്ങും. ഇവയെ ഉപ്പു വിതറി തുരത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

കൊച്ചി നഗരത്തിലും, കാക്കനാട്, കളമശ്ശേരി, ഏലൂർ തുടങ്ങിയ ജില്ലയുടെ മിക്ക ഇടങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. വാഴ, പപ്പായ, ചേന, ക്വാളിഫ്ലവർ, ചേമ്പ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ വിളകളെ ആക്രമിക്കുന്ന ആഫ്രിക്കൻ ഒച്ച് എല്ലാത്തരം പച്ചക്കറികളെയും പിടികൂടും. അടുത്തകാലത്ത് വാഴ കൃഷിയെയാണ് കൂടുതൽ ആക്രമിക്കുന്നുത്.

പുറം തോടുണ്ടാകാൻ കാത്സ്യം ആവശ്യമായത് കൊണ്ടാണ് കാൽസ്യത്തിന്‍റെ അംശമുള്ളിടത്ത് കൂട്ടത്തോടെ എത്തുന്നത്. മനുഷ്യരിൽ മസ്തിഷ്‌ക ജ്വരമുൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള നിമ വിരകൾ ഈ ഒച്ചുകളുടെ സ്രവത്തിലുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

By Rathi N