Mon. Dec 23rd, 2024
തണ്ണിത്തോട്:

കാടിനുള്ളിൽ നാടൻ ഭക്ഷണമൊരുക്കി ആരണ്യകം. വനിതകളുടെ കൈപ്പുണ്യത്തിൽ കാടിനു നടുവിൽ നാടൻ ഭക്ഷണത്തിൻ്റെ രുചിക്കൂട്ട് ഒരുക്കി ‘ആരണ്യകം കഫേ’ പുനരാരംഭിച്ചു. കോന്നി – തണ്ണിത്തോട് റോഡിലെ യാത്രക്കാർക്കും കോവിഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ അടവിയിലേക്ക് എത്തുന്ന സഞ്ചാരികൾക്കും ഇനി പ്രകൃതിയെ പ്രണയിച്ച് നാടൻ രുചി വൈവിധ്യം അനുഭവിച്ചറിയാം.

മികച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്ന ലഘു ഭക്ഷണശാല കോവിഡ് നിയന്ത്രണത്തെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് പുനരാരംഭിക്കാൻ വൈകിയതോടെ ഈറ്റ മേഞ്ഞ മേൽക്കൂര ഉൾപ്പെടെ ചിതലെടുത്ത് നശിച്ചു. ഓല മേഞ്ഞ മേൽക്കൂരയും മുള ഉപയോഗിച്ച് ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമായി 4 മാസം മുൻപ് പുതുക്കിപ്പണിഞ്ഞു.

എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ ചുമതലയിലുള്ള ആരണ്യകം ഗ്രൂപ്പിലെ 10 വനിതകളാണ് വീടുകളിൽ നിന്ന് നാടൻ വിഭവങ്ങൾ തയാറാക്കി ഇവിടെ വിൽപന നടത്തുന്നത്. വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും മര മുകളിലെ മുളങ്കുടിലുകളിലും (ട്രീ ടോപ് ബാംബു ഹട്ട്) സഞ്ചാരികൾക്ക് പ്രവേശനം ആരംഭിച്ചിട്ടില്ല.

എന്നാൽ എലിമുള്ളുംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ കിലോമീറ്ററുകളോളം വനഭാഗത്ത് ഭക്ഷണശാലകൾ ഇല്ലാത്തതിനാൽ കോന്നി – തണ്ണിത്തോട് റോഡിലെ വാഹന യാത്രക്കാർക്ക് ലഘു ഭക്ഷണശാല പ്രയോജനപ്പെടും.

By Divya